പമ്പാ നദിയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞ് ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

Posted on: October 22, 2020 7:37 pm | Last updated: October 22, 2020 at 11:06 pm
ഫയര്‍മാന്‍ ആര്‍ ശരത്

പത്തനംതിട്ട | പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞ് ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. പത്തനംതിട്ട ഫയര്‍ ബ്രിഗേഡിലെ ഫയര്‍മാന്‍ തിരുവനന്തപുരം ഒറ്റശേഖരമംഗലം ശരത് ഭവനില്‍ ആര്‍ ശരത്(30) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചോടെ വടശേരിക്കര മാടമണ്‍ തടയണയുടെ സമീപമാണ് സംഭവം.

അഞ്ച് ജീവനക്കാരാണ് ഡിങ്കിയില്‍ ഉണ്ടായിരുന്നത്. തടയണയ്ക്ക് സമീപം ശക്തമായ ഒഴുക്കില്‍ ഡിങ്കിയില്‍ വെള്ളം കയറി മുങ്ങുകായിയിരുന്നു. നാല് പേര്‍ നീന്തി രക്ഷപ്പെട്ടു. ശരത് ഡിങ്കിയ്ക്ക് അടിയിലായിപ്പോയി. 30 മീറ്റര്‍ താഴെ നിന്ന് ശരത്തിനെ കണ്ടെത്തി കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആനത്തോട് ഡാമിന്റെ ഷട്ടര്‍ തുറന്നിട്ടിരുന്നതിനാല്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഇന്ന് രാവിലെ മാടമണ്‍ ചൂരപ്ലാക്കല്‍ ശിവനെ( 55)യാണ് മാടമണ്‍ പമ്പ് ഹൗസിന് ഹൗസിനു സമീപം ഒഴുക്കില്‍ പെട്ടു കാണാതായത്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടം. അടിത്തട്ടില്‍ പാറ നിറഞ്ഞ സ്ഥലമാണ്. ആനത്തോട് ഡാം ഷട്ടര്‍ അടച്ചതിന് ശേഷമാണ് തെരച്ചില്‍ നടത്തിയതെങ്കിലും നദിയില്‍ ജലനിരപ്പ് കൂടിയിരുന്നു.

പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്താണ് അപകടം സംഭവിച്ചത്. തല ശക്തിയായി പാറക്കെട്ടില്‍ ഇടിച്ചതാകാം മരണ കാരണമെന്ന് കരുതുന്നു. മൃതദേഹം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ശിവന് വേണ്ടിയുള്ള തിരച്ചില്‍ താത്ക്കാലികമായി ഫയര്‍ ഫോഴ്‌സ് അവസാനിപ്പിച്ചു.