വിശപ്പറിഞ്ഞ ലോക ഗുരു

Posted on: October 21, 2020 4:48 am | Last updated: October 22, 2020 at 12:21 pm


ആഇശാ ബീവി (റ)പറയുന്നു: നബി(സ) വഫാത്താകുന്നത് വരെ നബി (സ)യുടെ കുടുംബം തുടര്‍ച്ചയായി രണ്ട് നാള്‍ വയര്‍ നിറച്ച് ബാര്‍ലിയുടെ റൊട്ടി തിന്നിട്ടില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: മദീനയില്‍ വന്ന ശേഷം നബിയുടെ കുടുംബം നബി(സ) വഫാത്താകുന്നത് വരെ ഗോതമ്പ് റൊട്ടി മൂന്ന് രാത്രി തുടരെ വയര്‍ നിറച്ച് ഭക്ഷിച്ചിട്ടില്ല.
വര്‍ത്തമാന കാലത്തെ മനുഷ്യര്‍ പിന്നെയും പിന്നെയും ആഴത്തിലിറങ്ങി ആലോചിക്കേണ്ട തിരുവചനമാണിത്. സമ്പത്തും സൗകര്യങ്ങളും സുഖഭോഗങ്ങളും മൃഷ്ടാന്ന ഭോജനവും ഇന്നത്തെ കാലത്തെ മനുഷ്യരുടെ ബലഹീനതകളാണ്. ഇപ്പറഞ്ഞതില്‍ ഏതെങ്കിലുമൊന്നില്‍ കുറവുണ്ടായാല്‍ അവന്‍ അസ്വസ്ഥനായി തുടങ്ങും. മറ്റുള്ളവരിലേക്ക് നോക്കി സ്വയം ചെറുതാകുകയും കടം വാങ്ങിയാണെങ്കിലും അവനേക്കാള്‍ സുഖത്തിലും ആഡംബരത്തിലും ജീവിക്കുകയും ചെയ്യും. ഇതാണ് ഇപ്പോഴത്തെ മനുഷ്യരുടെ പൊതുവായ പ്രവണത. ഒരു നേരം സമൃദ്ധമായ ഭക്ഷണത്തിന് കുറവ് വരുമ്പോഴേക്കും അസ്വസ്ഥത നമ്മെ ഭരിക്കുന്നു. വീട്ടുകാരോട് കയര്‍ക്കുന്നു. പട്ടിണി കിടക്കുന്നത് പോയിട്ട്, സുഖസമൃദ്ധമായ വിഭവങ്ങളില്‍ അൽപ്പം കുറവ് വരുന്നത് പോലും സഹിക്കാന്‍ കഴിയാതെയായിരിക്കുന്നു മനുഷ്യര്‍ക്ക്.

പട്ടിണി കിടക്കാനും മനുഷ്യര്‍ പഠിക്കണം. വിശ്വാസികളെ അല്ലാഹു നോമ്പിലൂടെ പഠിപ്പിക്കുന്നത് അത്തരമൊരു വലിയ പാഠമാണ്. ലോകത്ത് പട്ടിണി കിടക്കുന്ന, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അലയുന്ന കോടിക്കണക്കിന് മനുഷ്യരുണ്ട്. ലോകം സാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടങ്ങള്‍ നടത്തിയെങ്കിലും ഇപ്പോഴും പട്ടിണി കിടക്കുന്നവരെത്രയോ ആണ്. പട്ടിണി രാജ്യങ്ങള്‍ തന്നെയുണ്ട്. ഐക്യരാഷ്ട്ര സഭയുടെയും സന്നദ്ധ സംഘടനകളുടെയും ഭക്ഷണ പൊതികള്‍ക്കായി കാത്തുകിടക്കുന്നവര്‍. അവരനുഭവിക്കുന്ന പട്ടിണിയെ തിരിച്ചറിയാനും അവരിലേക്ക് കൂടി നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം മാറ്റിവെക്കാനും മനുഷ്യര്‍ക്ക് സാധിക്കണമെങ്കില്‍ അവര്‍ പട്ടിണിയുടെ വിലയറിയണം.

ലോകത്തേറ്റവും വലിയ വേദനകളിലൊന്ന് പട്ടിണിയാണെന്ന് എത്ര പേര്‍ക്കറിയാം. നോക്കൂ, എത്ര മഹോന്നതനായ നേതാവായിരുന്നു നമ്മുടെ നേതാവ് മുഹമ്മദ് നബി(സ). വേണമെങ്കില്‍ അല്ലാഹു ഈ പ്രപഞ്ചത്തിലെ ഏറ്റവും മുന്തിയ ഭക്ഷണം നല്‍കി അവിടുത്തെ ദുന്‍യവിയ്യായ ജീവിതം സമൃദ്ധമാക്കുമായിരുന്നു. എന്നിട്ടും അവിടുത്തെ കുടുംബം ജീവിച്ച രീതി ഹദീസുകളില്‍ കാണാം. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. മറ്റു ചിലപ്പോള്‍ അൽപ്പം ഗോതമ്പ് പൊടി, അല്ലെങ്കില്‍ കുറച്ച് കാരക്ക. മദീനയില്‍ വന്ന ശേഷം നബിയുടെ കുടുംബം ഗോതമ്പ് റൊട്ടി കഴിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി വയറ് നിറച്ചിട്ടില്ലത്രെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണി കിടക്കുന്ന മനുഷ്യരെ ഓര്‍ക്കണം. അവരിലേക്ക് കൂടി ഒരു പൊതിച്ചോറ് നല്‍കാനുള്ള മനസ്സുണ്ടാകണം. ഭക്ഷണത്തോടുള്ള ആര്‍ത്തി മുറിച്ചുകളയണം. ഈ ഹദീസില്‍ നിന്നും തിരുനബിയുടെ ജീവിതത്തില്‍ നിന്നും അങ്ങനെയേറെ പഠിക്കാനുണ്ട്.