പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി കാര്യം നേടാന്‍ ശ്രമിച്ചിട്ടില്ല; വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഇബ്രാഹിം എളേറ്റില്‍

Posted on: October 20, 2020 10:07 pm | Last updated: October 20, 2020 at 10:16 pm

ദുബൈ | താന്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി കാര്യം നേടാന്‍ ശ്രമിക്കുന്നുവെന്നത് ശുദ്ധ അസംബന്ധവും ബാലിശവുമാണെന്ന് ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍. 42 വര്‍ഷത്തെ പ്രവാസത്തിനിടക്ക് മുസ്‌ലിം ലീഗ് പാര്‍ട്ടിയോട് എന്തെങ്കിലും സ്ഥാനമാനങ്ങളോ പദവികളോ വ്യക്തിപരമായി ഇതു വരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങളും പദവികളും പ്രവര്‍ത്തന മികവ് നോക്കി പാര്‍ട്ടി നല്‍കുന്നതാണ്. താന്‍ നിലവില്‍ കൊടുവള്ളി മണ്ഡലം ട്രഷററാണ്. തന്നെ പാര്‍ലമെന്ററി വ്യാമോഹിയായി ചിത്രീകരിച്ച് തേജോവധം ചെയ്യാനുള്ള ശ്രമമാണ് തല്‍പര കക്ഷികള്‍ നടത്തിയതെന്നും ദുബൈയില്‍ സൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എളേറ്റില്‍ പറഞ്ഞു.

കാരുണ്യ പ്രവര്‍ത്തനം നടത്തുന്നത് സാമ്പത്തിക സ്രോതസ് ആണെന്ന് പറയുന്നത് ശരിയല്ല. പ്രവര്‍ത്തന മികവ് നോക്കി വിജയിക്കുമെന്ന് വിലയിരുത്തിയതിനാല്‍ പാറക്കല്‍ അബ്ദുല്ലയെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുകയാണുണ്ടായത്. ഇത്തരം വാര്‍ത്തകള്‍ പാര്‍ട്ടി നേതാക്കള്‍ വിശ്വസിക്കില്ല. എന്നാല്‍, ജനങ്ങള്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. അതിനാലാണ് ഇക്കാര്യം പറയുന്നത്. ‘നിയമസഭാ സീറ്റ്: ലീഗില്‍ കെ എം സി സി സമ്മര്‍ദം തുടങ്ങി’ എന്ന സിറാജ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.