നിയന്ത്രണ രേഖ അതിക്രമിച്ചു കടന്ന ചൈനീസ് സൈനികന്‍ പിടിയില്‍; നടപടിക്രമങ്ങള്‍ക്കു ശേഷം തിരിച്ചയക്കും

Posted on: October 19, 2020 5:13 pm | Last updated: October 19, 2020 at 8:06 pm

ലഡാക്ക്/ന്യൂഡല്‍ഹി | ലഡാക്കില്‍ നിയന്ത്രണ രേഖ അതിക്രമിച്ചു കടന്ന ചൈനീസ് സൈനികനെ ഇന്ത്യന്‍ സേന പിടികൂടി. കോര്‍പ്പറല്‍ വാങ് യാ ലോങ് എന്ന സൈനികനെയാണ് ചുമാര്‍-ദെചൊക് മേഖലയില്‍ വച്ച് പിടികൂടിയത്. നടപടിക്രമങ്ങള്‍ക്കു ശേഷം നിലവിലുള്ള പ്രോട്ടോക്കോള്‍ പ്രകാരം ഇയാളെ തിരിച്ചയക്കുമെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. പിടിയിലായ ചൈനീസ് സൈനികനെ പ്രതികൂല കാലാവസ്ഥയില്‍ നിന്നും ശാരീരിക-മാനസിക സമ്മര്‍ദത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് ആവശ്യമായ ഓക്‌സിജനും ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം നല്‍കിയതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

കാണാതായ സൈനികന്റെ വിവരങ്ങള്‍ തേടി ചൈനീസ് സേനാധികൃതരില്‍ നിന്നും സന്ദേശം ലഭിച്ചതായും ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ചുഷുല്‍-മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ വച്ച് തിരികെ വിടുമെന്നും പ്രസ്താവനയില്‍ പറയുന്നു. പിടിയിലായ സമയത്ത് സൈനികന്റെ കൈയില്‍ സിവില്‍, സൈനിക രേഖകളുണ്ടായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.