Connect with us

Kerala

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ കണ്ണി റാന്നിയില്‍ പിടിയില്‍

Published

|

Last Updated

പിടിയിലായ സുനീഷ് സുരേഷ്

റാന്നി | മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ കണ്ണി പത്തനംതിട്ട റാന്നിയില്‍ പിടിയില്‍. ഇടുക്കി വാത്തിക്കുടി പെരുന്തൊട്ടി കപ്യാരു കുന്നേല്‍ സുനീഷ് സുരേഷ്(27) ആണ് പിടിയിലായത്.

ചെത്തോങ്കരയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് സുനീഷ് അടക്കം നാലംഗ സംഘം പണയം വയ്ക്കാന്‍ എത്തിയത്. 69,000 രൂപയ്ക്കാണ് ഇവര്‍ പണയം വച്ചത്. ഈ സമയം 30,000 രൂപ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ശേഷിച്ച പണം എടുത്തു കൊണ്ടുവരാന്‍ വേണ്ടി ഉടമ വീട്ടിലേക്ക് പോയി. ഇടപാടുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സ്ഥാപനത്തിലെ ജീവനക്കാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. ഇവര്‍ വന്ന വാഹനം ഉപേക്ഷിച്ചായിരുന്നു രക്ഷപ്പെട്ടത്.

വിവരം അറിഞ്ഞ് പരിശോധന നടത്തിയ പോലീസ് പണയ സ്വര്‍ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് സുനീഷിനെ പിടികൂടിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്‍ പറഞ്ഞു. ഇടുക്കി കേന്ദ്രീകരിച്ചാണ് സംഘം വിലസുന്നത്.

ഇവരുടെ ഭാഗമായ മൂന്ന് പേരെ നേരത്തേ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്ഐമാരായ സോമനാഥന്‍ നായര്‍, സിദ്ദിഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിലാല്‍, ഗോപകുമാര്‍, സുധീഷ്, സി പി ഓമാരായ സോനു, ഷിജോ, ഉണ്ണികൃഷ്ണന്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Latest