മസ്ജിദുൽ ഹറമിൽ പൊതുജനങ്ങൾ വീണ്ടും സംഘടിത നിസ്കാരത്തിൽ പങ്കെടുത്തു

Posted on: October 18, 2020 8:19 pm | Last updated: October 18, 2020 at 8:23 pm
ഞായറാഴ്ച മസ്ജിദുൽ ഹറമിൽ സുബഹി ജമാഅത്തിൽ പങ്കെടുക്കാനെത്തിയവർ

മക്ക | കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിശ്വാസികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി മക്കയിലെ മസ്ജിദുൽ ഹറമിൽ ജമാഅത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ നിരവധി പേർ ആദ്യ ദിനത്തിലെ സുബഹി നമസ്‌കാരത്തിൽ സന്നിഹിതരായി. മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം നിയന്ത്രണങ്ങളോടെ പ്രതിദിനം 6,000 തീർഥാടകർക്ക് അനുമതി നൽകിക്കൊണ്ട്  ഒക്ടോബർ നാല് മുതൽ ഉംറ തീർഥാടനം പുനരാരംഭിച്ചെങ്കിലും  ജമാഅത്ത് നിസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് നീങ്ങിയിരുന്നില്ല.

രണ്ടാം ഘട്ടത്തിലാണ് ഹറമിലേക്ക് ജമാഅത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയത്. ഹറമിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേരാണ് ആദ്യ ദിനത്തിൽ തന്നെ ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കാനെത്തിയത്. പ്രതിദിനം 40,000 പേർക്കാണ് നിസ്കാരങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.

ഹജ്ജ്–ഉംറ മന്ത്രാലയം പുറത്തിറക്കിയ  ‘ഇഅ്തമർനാ’ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്ത് അനുമതി ലഭിച്ചവർക്ക് മാത്രമാണ് ഹറമിലേക്ക് പ്രവേശനം. ജമാഅത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് കഅബയെ വലംവെക്കുന്ന ഇടത്തേക്ക് (മതാഫ്) പ്രവേശനം വിലക്കിയിട്ടുണ്ട്. ആഗോളവ്യാപകമായി കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതോടെ 2020 മാർച്ച് ആദ്യവാരത്തിലാണ് ഉംറക്കും ജമാഅത്ത് നിസ്‌കാരങ്ങൾക്കും ഹറമിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.