Kerala
കോണ്‍ഗ്രസിന്റെ കണക്ക്കൂട്ടല്‍ പിഴക്കുന്നു; മാണി കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ്

കോട്ടയം | ജോസ് കെ മാണി കളം മാറ്റിച്ചവിട്ടിയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റും കിട്ടണമെന്ന് തന്നെ മാധ്യമങ്ങളോട് പി ജെ ജോസഫ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളില്‍ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഈ സീറ്റുകള്‍ മുഴുവന്‍ വേണമെന്ന നിലപാടാണ് ജോസഫിന്റേത്.
കേരള കോണ്‍ഗ്രസിന്റെ മുഴുവന്‍ സീറ്റുകളും നിലനിര്‍ത്തണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടെന്ന് പി ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണം വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ച് മാറ്റത്തിന് തയ്യാറെന്നും പിജെ ജോസഫ് പറയുന്നു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളം ആണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എന്ന് പിജെ ജോസഫ് പരിഹസിച്ചു.
തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ജോസഫ് വീണ്ടും നിലപാട് വ്യക്തമാക്കും. കോട്ടയത്ത് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജോസ് കെ മാണി വിഭാഗം പോയതോടെ കൂടുതല്‍ സീറ്റില്‍ മത്സരിക്കാമെന്ന്് കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നുവെങികലും ജോസഫിന്റെ നിലപാട് ഇക്കാര്യത്തില്‍ നേതൃത്വത്തില്‍ ആശങ്കയുയര്‍ത്തുകയാണ്.
പാലാ ഉപതെരഞ്ഞെപ്പില്‍ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.