കലാപത്തിന് ശ്രമിച്ചെന്ന്; സിദ്ധിഖ് കാപ്പനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് യു പി പോലീസ്

Posted on: October 17, 2020 9:28 am | Last updated: October 17, 2020 at 2:48 pm

ന്യൂഡല്‍ഹി |  ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു പി പോലീസ് ഒരു കേസില്‍ കൂടി പ്രതി ചേര്‍ത്തു.ഹാത്രാസില്‍ കലാപശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണിത്. നാലാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. എന്നാല്‍, അഞ്ചാം തീയതിയാണ് സിദ്ദിഖ് കാപ്പന്‍ ഹത്രാസിലേക്ക് പോയത്.

ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് പോകവെ കരുതല്‍ നടപടി എന്ന നിലക്കാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ കെയുഡബ്‌ള്യുജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. മലപ്പുറം കലക്ട്രേറ്റിലാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെട്ടവര്‍ സമരം നടത്താന് ഒരുങ്ങുന്നത്.