പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണം: മുഖ്യമന്ത്രി

Posted on: October 16, 2020 9:13 pm | Last updated: October 16, 2020 at 9:13 pm

പത്തനംതിട്ട | പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട മണിയാര്‍ കെ എ പി അഞ്ചാം ബറ്റാലിയന്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍, പരിശീലനം പൂര്‍ത്തിയാക്കിയ കെ എ പി മൂന്നാം ബറ്റാലിയന്റെ 117 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പുതിയതായി 2,279 പേര്‍ പോലീസ് സേനയുടെ ഭാഗമായി മാറിയതിന്റെ ചടങ്ങു കൂടിയായിരുന്നു വേദി.

സമൂഹത്തോട് നല്ല പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ പോലീസുകാര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് പരിശീലനത്തിന്റെ കാര്യത്തില്‍ ഏറെ പുതുമകളുള്ള ഒരു ബാച്ചാണ് പുറത്തിറങ്ങുന്നത്. നേരത്തെ പരിശീലനത്തിന് ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. തൃശൂര്‍ ആസ്ഥാനമാക്കി ഇന്റഗ്രേറ്റഡ് പോലീസ് ട്രെയിനിംഗ് സെന്ററിന് രൂപം നല്‍കിയതോടെ ഇക്കാര്യത്തില്‍ മാറ്റം വരികയാണ്. ഈ സെന്ററിലും കേരള പോലീസ് അക്കാദമി, എസ് എ പി, എം എസ് പി, ആര്‍ ആര്‍, കെ എ പി ഒന്നുമുതല്‍ അഞ്ചുവരെ ബറ്റാലിയനുകള്‍ എന്നിവിടങ്ങളിലായി ഏകീകൃതമായ പരിശീലനമാണ് നല്‍കിയത്. നമ്മുടെ സംസ്ഥാനത്തെ പോലീസ് സേനയുടെ അടുത്തകാലത്തെ റിക്രൂട്ടുമെന്റ് പരിശോധിച്ചാല്‍ ബിരുദ, ബിരുദാനന്ത ബിരുദം ഉള്ളവരും സാങ്കേതിക വിദഗ്ധരും കൂടുതലായി സേനയുടെ ഭാഗമായതായി കാണാം. ലോക്ക് ഡൗണ്‍ കാലത്ത് ട്രെയിനികളെ അവരുടെ മാതൃസ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രി പോലീസ് ഡ്യൂട്ടിക്കായി നിയോഗിച്ചത് പൊതുജന സേവനത്തിനു മികച്ച ധാരണ ലഭിക്കുന്നതിനു കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എ പി ബറ്റാലിയന്‍ മൂന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് സി വി ശശി പരേഡ് അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. കെ എ പി ബെറ്റാലിയന്‍ മൂന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് സി വി ശശി പാസിംഗ് ഔട്ട് ചടങ്ങിന്റെ ഭാഗമായി സേനാംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ബെസ്റ്റ് ഇന്‍ഡോര്‍ എം ശരത് മോഹന്‍, ബെസ്റ്റ് ഔട്ട് ഡോര്‍ ഫ്രാന്‍സിസ് സേവ്യര്‍, ബെസ്റ്റ് ഷൂട്ടര്‍ എസ് സന്ദീപ്, ഓള്‍ റൗഡര്‍ പുരസ്‌ക്കാരം നന്ദു മുരളീധരന്‍ എന്നിവര്‍ ഏറ്റുവാങ്ങി.