പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം: പ്രധാനമന്ത്രി

Posted on: October 16, 2020 5:40 pm | Last updated: October 17, 2020 at 9:06 am

ന്യൂഡല്‍ഹി | പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുസംബന്ധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ വിവാഹപ്രായ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭക്ഷ്യ കാര്‍ഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ ശരിയായ വിവാഹ പ്രായം തീരുമാനിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട സമിതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്ന പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ കത്ത് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു – മോദി പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യശുചിത്വവും പരിപാലനവും സംബന്ധിച്ച ് തന്റെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉചിതമായ നടപടികള്‍ എടുക്കുകയാണ് സര്‍ക്കാര്‍. ജലജീവന് മിഷന്‍ വഴി എല്ലാ വീടുകളിലും വെള്ളം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള് നടന്നുവരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒരു രൂപക്ക് സാനിറ്ററി പാഡ് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവാഹപ്രായവും മാതൃത്വവും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് സെപ്റ്റംബര്‍ 22 ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവില്‍ 18 വയസാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം.