Connect with us

Kerala

കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം; ചില വിട്ടുവീഴ്ചകള്‍ എല്ലാവരും നടത്തേണ്ടിയിരുന്നു- കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് |  കേരള കോണ്‍ഗ്രസ് മുന്നണി മാറിയതില്‍ യു ഡി എഫ് നേതൃത്തിനുണ്ടായ വീഴ്ച പരോക്ഷമായി സൂചിപ്പിച്ച് കെ മുരളീധരന്‍ എം പി. സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നു. രണ്ട് കൂട്ടരും ചില്ലറ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നു. കെ എം മാണിയും ആര്‍ ബാലകൃഷ്ണപ്പിള്ളയും വീരേന്ദ്രകുമാറും എല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യു ഡി എഫ് മുന്നണി. അവരില്‍ ചിലര്‍ ഇന്നില്ലെങ്കിലും പിന്‍മുറക്കാര്‍ എല്‍ ഡി എഫിനൊപ്പമാണ്. പലപ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നു. ചര്‍ച്ചചെയ്താല്‍ തീരുന്ന പ്രശ്നമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂവെന്നുമാണ് തനിക്ക് തോന്നുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് കേരള കോണ്‍ഗ്രസ് മുന്നണിക്ക് പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനൊന്നും താന്‍ ശ്രമം നടത്തിയിട്ടില്ല. അതിനുള്ള സവിശേഷ അധികാരമൊന്നും തനിക്ക് ആരും തന്നിട്ടില്ല. എങ്കിലും യു ഡി എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണം. അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാകണം.

അധികാരം നിലനിര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്നവരാണ് എല്‍ ഡി എഫ്. മാണിസാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍പോലും അനുവദിക്കാത്തവരാണവര്‍. എന്‍ സി പിക്ക് യു ഡി എഫിലേക്ക് വരാന്‍ ഒരു തടസ്സവുമില്ല. അവരില്‍ പലരും ഇടതു മനസ്സുമായി ഒത്തുപോവാന്‍ ബുദ്ധിമുട്ടുന്നവരാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest