മോദിയുടെ നീക്കങ്ങളില്‍ ചൈന പരിഭ്രാന്തരെന്ന് ബി ജെ പി

Posted on: October 16, 2020 10:39 am | Last updated: October 16, 2020 at 10:39 am

പാറ്റ്‌ന | പതിവ് അതിര്‍ത്തി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അയല്‍ രാജ്യങ്ങളുടെ പേര് പറഞ്ഞും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിച്ചുവെന്ന് ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. ബിഹാറില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,700 കിമി നീളമുള്ള റോഡാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് ലഡാക്കിലേക്ക് പണിതത്. ഇതില്‍ ചൈന ആശങ്കയിലാണ്. മോദി ഭരണത്തില്‍ രാജ്യം മുന്നോട്ട് കുതിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന് അര്‍ഹിക്കുന്ന മറുപടി രാജ്യം നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ ഡി എ ബിഹാറിലെ ജനങ്ങളെ ലാലുപ്രസാദിന്റെ ‘ജംഗിള്‍ രാജില്‍’ നിന്ന് മോചിപ്പിച്ചുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി നടക്കുന്ന ബിഹാര്‍ വോട്ടെടുപ്പിന്റെ ഫലം നവംബര്‍ പത്തിന് അറിയും.