ബെംഗളൂരു മയക്കുമരുന്ന് കേസ്: നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്

Posted on: October 15, 2020 3:49 pm | Last updated: October 15, 2020 at 3:49 pm

മുംബൈ | ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ റെയ്ഡ്. ഒബ്‌റോയിയുടെ ബന്ധു ആദിത്യ ആല്‍വയെ തേടിയാണ് ബെംഗളൂരു പോലീസ് മുംബൈയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ‘ആദിത്യ ഒളിവിലാണ്. ഒബ്‌റോയിയുടെ ബന്ധുവായ ഇയാള്‍ ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.’- ബെംഗളൂരു പോലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. കന്നട സിനിമാ ലോകത്തെ നടീ നടന്മാര്‍ക്കും ഗായകര്‍ക്കും മറ്റും മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസില്‍ ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കന്നട നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.