Connect with us

Ongoing News

കെട്ടിപ്പാട്ടിന്റെ കൂട്ടുകാരൻ ഡയറിയെഴുത്ത് ഉപാസകൻ

Published

|

Last Updated

നമ്മൾ ഈ ലോകത്ത് എത്രമാത്രം ക്രിയാത്മകമായി ജീവിച്ചിരുന്നെന്ന് വരും തലമുറക്ക് മനസ്സിലാകാൻ എന്ത് ശേഷിപ്പാണ് നാം ബാക്കി വെക്കാറുള്ളത്? മണ്ണോടു ചേരുന്നത് വരെ നമ്മുടെ സുകൃതങ്ങൾ നിഴലിക്കാറുള്ളൂ. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ നന്മകൾ കോർത്തിണക്കി എവിടെയെങ്കിലും രേഖപ്പെടുത്തി വെച്ചാൽ അത് വരും തലമുറക്ക് നന്മകൾ ചെയ്യാനുള്ള പ്രചോദനമാകും. മലപ്പുറം കൊണ്ടോട്ടി ചിറയിൽ ചുങ്കം അച്ചുകൊമ്പൻ മൊയ്തീൻ കുട്ടി എന്ന എഴുപതുകാരന്റെ ചിന്താമണ്ഡലം വിശാലമായത് അങ്ങനെയാണ്. 1977 മുതൽ ഇന്നേവരെ ഡയറിയെഴുതാത്ത ഒരൊറ്റ ദിവസം പോലും മൊയ്തീൻ കുട്ടി മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല. വല്യുപ്പ ജീവിച്ച കാലത്ത് എന്തായിരുന്നു ചെയ്തതെന്ന് ഈ എഴുപതുകാരന്റെ തലമുറയിലുള്ളവർക്ക് ആരോടും ചോദിച്ചുനടക്കേണ്ടി വരില്ല. തന്റെ 27-ാം വയസ്സ് മുതൽ ഇന്നേ വരെ എഴുതി വെച്ച ഡയറിക്കുറിപ്പുകൾ ആ ചോദ്യങ്ങൾക്കുത്തരമായി സംവദിക്കുന്നുണ്ടാകും.
ഇക്കാലയളവിൽ തന്റെ നാട്ടിൽ മരണപ്പെട്ടുപോയവരുടെയും കുടുംബക്കാരുടെയും പരിചയക്കാരുടെയും പേരും തിയ്യതിയും അവരുമായുള്ള ബന്ധവും കുറിച്ചു വെച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, മലയാളം തിയ്യതികളും പ്രത്യേകം കുറിച്ച് വെക്കും. മരണ തിയ്യതികളിലോ മറ്റോ സംശയം വന്നാൽ എല്ലാവർക്കും ആശ്രയം മൊയ്തീൻ കുട്ടി മാസ്റ്ററുടെ ഡയറിത്താളുകളാണ്. എല്ലാ വിധ സാമ്പത്തിക ഇടപാടുകളും ദൈന ദിന ജീവിതത്തിലെ മുഴുവൻ ഇടപാടുകളും അദ്ദേഹം ഡയറിയിൽ കുറിച്ചു വെക്കാറുണ്ട്. ദിവസവും ഉറങ്ങുന്നതിന്റെ മുമ്പാണ് അദ്ദേഹം ഡയറിയെഴുത്തിനായി സമയം കണ്ടെത്താറുള്ളത്. “മ്മളെ കുറിച്ചുള്ള നന്മകളെഴുതിവെച്ചാൽ പിന്നീടത് വായിക്കുന്നോര്ക്കും ചെയ്യാനുള്ള പ്രചോദനാകും. ന്റെ ഡയറിയെഴുത്തിന് എല്ലാരും വല്യ പ്രോത്സാഹനാണ് തന്നിട്ടുള്ളത്”- മൊയ്തീൻ കുട്ടി മാസ്റ്റർ ആവേശത്തോടെ പറഞ്ഞു.

നാട്ടുകാരുടെ “ചരിത്ര പുരുഷൻ”

നാടുമായി ബന്ധപ്പെട്ട മിക്ക പരിപാടികളും അദ്ദേഹം ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ട്. പള്ളിയിൽ ജുമുഅ തുടങ്ങിയത്, സ്‌കൂളിന് തറക്കല്ലിട്ടത്, ആശുപത്രി ഉദ്ഘാടനം ചെയ്തത്, എൽ പി സ്‌കൂൾ യു പി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തത്, റോഡുകളുടെ ഉദ്ഘാടനങ്ങൾ തുടങ്ങി 43 വർഷക്കാലത്തെ നാടിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത ഡയറിക്കുറിപ്പുകൾ നാട്ടുകാരുടെ കൂടി ചരിത്രരേഖയാണ്. കുടുംബക്കാരും നാട്ടുകാരിൽ പലരും ചില സംശയനിവാരണങ്ങൾക്ക് വേണ്ടി മൊയ്തീൻ കുട്ടി മാസ്റ്ററുടെ ഡയറിത്താളുകൾ തേടിയെത്താറുണ്ട്.

1970കളില്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍ രചിച്ച മദ്ഹ് ഗാനങ്ങളുടെ പുസ്തക കവർ

എഴുപതുകളിലെ പാട്ടെഴുത്തുകാരൻ

1970 കാലഘട്ടങ്ങളിൽ വഅള് മജ്്ലിസുകളിൽ സ്വയം രചിച്ച മദ്ഹ് ഗാനങ്ങൾ പാടി അതിന്റെ പ്രിന്റഡ് കോപ്പി പത്തോ ഇരുപതോ പൈസക്ക് വിൽക്കുന്ന കാലമുണ്ടായിരുന്നു മൊയ്തീൻ കുട്ടി മാസ്റ്റർക്ക്. പാടാനും പാട്ട് പുസ്തകം വിതരണം ചെയ്യാനുമൊക്കെയായി സുഹൃത്തുക്കളുമുണ്ടാകും. മർഹൂം ശുകപുരം മുഹമ്മദ് കുട്ടി മുസ്്ലിയാരുടെ വഅള് സദസ്സിലാണ് കൂടുതൽ പാട്ട് പാടാൻ പോയിട്ടുള്ളത്. ആദ്യമായി മൊയ്തീൻ കുട്ടി മാസ്റ്റർ പാട്ട് പാടാൻ പോയത് കൊണ്ടോട്ടി തുറക്കലിലായിരുന്നു. അന്ന് പ്രിന്റ് ചെയ്ത ഒരു കോപ്പിയും എഴുതിവെച്ച പാട്ടുകളും സൂക്ഷിപ്പ് സ്വത്തായി മാസ്റ്ററുടെ കൈയിൽ ഇപ്പോഴുമുണ്ട്. മൂന്ന് മദ്ഹ് ഗാനങ്ങളാണ് ആ പ്രിന്റഡ് കോപ്പിയിലുള്ളത്. പ്രാസവും വാൽകമ്പിയും അനുചരണവും അർഥവും ആസ്വാദനവും അടങ്ങുന്നതായിരുന്നു ഓരോ പാട്ടിലെയും വരികൾ. അനുരാഗികളെ മദീനയുടെ ഓരത്തേക്ക് കൈപിടിച്ചുയർത്തുന്ന ഹൃദ്യമായ വരികൾ. അന്ന് റബീഉൽ അവ്വലിലും മറ്റും കുട്ടികൾക്ക് മദ്ഹ് ഗാനങ്ങൾ പഠിപ്പിക്കാൻ മദ്‌റസാ അധ്യാപകരും രക്ഷിതാക്കളും കൂടുതലായും ആശ്രയിച്ചിരുന്നത് ഇത്തരം പാട്ടുകളായിരുന്നു. അതിനു പുറമെ ലളിതഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിക്ക് വേണ്ടി വർഷങ്ങൾക്ക് മുമ്പ് പാട്ടുകളെഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.

കല്യാണ സദസ്സുകളിലെ
കെട്ടിപ്പാട്ട് ഓർമകൾ

രാത്രികാലങ്ങളിലായിരുന്നു അന്നത്തെ കല്യാണങ്ങൾ. വരൻ വന്ന ശേഷമേ ചോറ് വിളന്പുകയുള്ളൂ. അതുവരെയുള്ള ഇടവേളയിൽ മദ്ഹ് ഗാന പരിപാടി നടക്കാറുണ്ടായിരുന്നു. ചില കല്യാണ സദസ്സുകളിൽ മൊയ്തീൻ കുട്ടി മാസ്റ്റർക്ക് ഇങ്ങനെ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അതുപോലെ അന്നത്തെ കല്യാണങ്ങളിൽ പ്രസിദ്ധമായിരുന്നു “കെട്ടിപ്പാട്ട്”. കല്യാണ സദസ്സിലേക്ക് വന്ന വിശിഷ്ട വ്യക്തിത്വങ്ങളെ കുറിച്ചും കല്യാണ വീട്ടുകാരെ കുറിച്ചും പ്രശംസിച്ചും അപദാനങ്ങൾ വാഴ്ത്തിക്കൊണ്ടും തത്സമയം പാട്ട് ഉണ്ടാക്കി പാടുന്ന സമ്പ്രദായമാണ് “കെട്ടിപ്പാട്ട്”. വട്ടപ്പാട്ട് പോലെ വട്ടത്തിലിരുന്ന് പാടലാണ് പതിവ്. തങ്ങളെ കുറിച്ച് പാടുമ്പോൾ അവരോരോരുത്തരായി കാശുകൾ വട്ടത്തിലേക്ക് ഇട്ടു തരുമായിരുന്നത്രേ. മാത്രമല്ല, ആൺവീട്ടുകാരും പെൺവീട്ടുകാരും കാശിനു വേണ്ടി പാടാൻ വാടകക്ക് പ്രൊഫഷനൽ ടീമുകളെ വിളിക്കും. വരന്റെയും വധുവിന്റെയും വീട്ടിലെ പാട്ടുകാർ ഒരുമിച്ചാൽ അവിടം ഒരു പാട്ട് മത്സരക്കളമാകും. ഒരു ടീം ഒരു പാട്ട് പാടി കഴിഞ്ഞാൽ മറു ടീം വേറെ പാട്ട് പാടും. ഓരോ ടീമും പാടുമ്പോഴും പരസ്പരം പ്രോത്സാഹിപ്പിക്കാൻ ആളുകൾ മത്സരിക്കും. ഈ ടീമിനൊപ്പവും മൊയതീൻകുട്ടി മാസ്റ്റർക്ക് പാടാൻ അവസരം ലഭിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് “തശ്‌രീഫ്” പാടിക്കൊണ്ടായിരുന്നു വീട്ടിൽ നിന്നും വരനും കൂട്ടരും ഇറങ്ങാറുള്ളത്.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് വേദിയിൽ പാട്ടുപാടാറുണ്ടായിരുന്നു. ബി എസ് സി കെമിസ്ട്രിയിൽ ഫാറൂഖ് കോളജിൽ നിന്നുമാണ് ഡിഗ്രി പൂർത്തിയാക്കിയത്. പൊളിടിക്‌സിൽ പി ജി ചെയ്യുന്നതിനിടെയാണ് പിതാവിന്റെ വിയോഗം. മൂത്ത മകനായത് കൊണ്ട് കുടുംബപ്രാരാബ്ധം പി ജി പാതിവഴിയിൽ നിറുത്തേണ്ടിവന്നെങ്കിലും പിന്നീട് ബി എഡ് എടുത്തു. അതിനിടെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊണ്ടോട്ടിയിൽ പ്രഭാ ട്യൂട്ടോറിയൽ കോളജ് ആൻഡ് ട്യൂഷൻ സെന്റർ എന്ന സ്ഥാപനം തുടങ്ങുകയും അവിടെ ട്യൂട്ടറാകുകയും ചെയ്തു. കൊട്ടുകര പി പി എം ഹയർസെക്കൻഡറി സ്‌കൂളിൽ കുറച്ച് കാലം താത്കാലിക അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1978 ഏപ്രിൽ ഒന്നിനാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുന്നത്. യൂനിവേഴ്‌സിറ്റി പുറത്തിറക്കുന്ന ചെറിയ ഡയറികളായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ എഴുത്തിനാശ്രയം. മുപ്പത് വർഷത്തോളം കാലിക്കറ്റ് സർവകലാശാലയിൽ സേവനമനുഷ്ഠിച്ചതിനു ശേഷം 2005ൽ അസിസ്റ്റന്റ് രജിസ്റ്റാറായാണ് മൊയ്തീൻ കുട്ടി മാസ്റ്റർ റിട്ടയർ ചെയ്തത്. പതിനഞ്ചുവർഷത്തോളമായി മലപ്പുറം മഅദിൻ അക്കാദമിയുടെ സ്‌പെഷ്യൽ സ്‌കൂളുകളുടെയും ആംപിൾഷോറിന്റെയും (ഓർഫനേജ്) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയാണ്.
പരേതരായ കുഞ്ഞാലൻ-മറിയുമ്മ ദമ്പതികളുടെ മൂത്ത മകനാണ് മൊയ്തീൻ കുട്ടി മാസ്റ്റർ. ചിറയിൽ ചുങ്കത്തെ നിബ്രാസുൽ ഇസ്്ലാം മദ്രസയുടെ പ്രാരംഭകാലം മുതൽ ദീർഘ കാലം സെക്രട്ടറിയും നിലവിൽ ഉപദേശക സമിതി അംഗവുമാണ്. സുന്നി മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷൻ (എസ് എം എ) കൊണ്ടോട്ടി റെയ്ഞ്ചിലെ ആദ്യകാല സെക്രട്ടിയും ശേഷം മലപ്പുറം ജില്ല സെക്രട്ടറിയും സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുബൈദയും അഞ്ച് മക്കളുമടങ്ങുന്നതാണ് കുടുംബം. മൊയ്തീൻകുട്ടി മാസ്റ്റർ ജീവിതനൗക തുഴയുകയാണ്; തെളിച്ചമുള്ള ദിനചര്യയായ മുടക്കമില്ലാത്ത ഡയറിയെഴുത്തുമായി.

അഫ്‌സൽ അദനി കുഴിയംപറമ്പ്
afsaladany@gmail.com

Latest