യുക്തിവാദിയുടെ പുസ്തകത്തില്‍ തന്റെ പേരില്‍ വ്യാജ അവതാരിക; മാപ്പപേക്ഷ വരെയെത്തിയ കള്ളത്തരം വെളിപ്പെടുത്തി എം എന്‍ കാരശ്ശേരി

Posted on: October 14, 2020 8:28 pm | Last updated: October 14, 2020 at 8:31 pm

കോഴിക്കോട് | യുക്തിവാദിയായ പി എം അയ്യൂബ് മൗലവിയുടെ പുസ്‌തകത്തില്‍ തന്റെ പേരില്‍ വ്യാജ അവതാരിക പ്രസിദ്ധീകരിച്ചുവെന്ന് എം എന്‍ കാരശ്ശേരി. ‘മതജീവിതത്തില്‍ നിന്ന് മാനവികതയിലേക്ക്’ എന്ന ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌ത‌കത്തിലാണ് കാരശ്ശേരിയുടെ പേരില്‍ വ്യാജ അവതാരിക ചേര്‍ത്തത്. തുടര്‍ന്ന് കാരശ്ശേരി വക്കീല്‍ നോട്ടീസ് അയക്കുകയും മാസങ്ങള്‍ നീണ്ട സമ്മര്‍ദത്തിനൊടുവില്‍ അയ്യൂബ് മൗലവി മാപ്പ് പറയുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി കാരശ്ശേരി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപിലെ സുഹൃത്തും ചിത്രകാരനുമായ എന്‍ കെ പി മുത്തുക്കോയ പറഞ്ഞിട്ടാണ് പി എം അയ്യൂബ് മൗലവിയെ സംബന്ധിച്ച് താനാദ്യം കേള്‍ക്കുന്നതെന്ന് കാരശ്ശേരി പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരത്ത് വെച്ച് യാദൃച്ഛികമായി പരിചയപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം താന്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതായും അവതാരിക വേണമെന്നും അയ്യൂബ് മൗലവി ആവശ്യപ്പെട്ടു. എന്നാല്‍, പുസ്തകം വായിക്കാനുള്ള സമയമില്ലാത്തതിനാല്‍ അവതാരിക എഴുതാന്‍ ആകില്ലെന്ന് തീര്‍ത്തുപറഞ്ഞു.

തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുസ്തകം പ്രസിദ്ധീകരിക്കുകയാണെന്നും അവതാരിക ഇല്ലെന്നും എന്നാല്‍, മലപ്പുറത്തെ സ്വതന്ത്ര ലോകത്തിന്റെ പരിപാടിയില്‍ പ്രകാശനം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു. പുസ്തകം വായിക്കാതെ പ്രകാശനത്തിനും ആകില്ലെന്ന് കാരശ്ശേരി തീര്‍ത്തുപറഞ്ഞു. എന്നാല്‍, മറ്റൊരാള്‍ക്ക് കൈമാറിയാല്‍ മതിയെന്നും പുസ്തകത്തെ സംബന്ധിച്ച് സംസാരിക്കേണ്ടെന്നും അയ്യൂബ് മൗലവി പറഞ്ഞു. അങ്ങനെ ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു.

പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് തന്റെ പേരില്‍ ഈ പുസ്തകത്തില്‍ അവതാരികയുള്ള വിവരം ഒരു വായനക്കാരന്‍ വിളിച്ചുപറഞ്ഞ് അറിയുന്നത്. ഒടുവില്‍ ഈ സംഭവത്തിന്റെ പേരില്‍ വക്കീല്‍ നോട്ടീസ് അയക്കുകയും അവസാനം ഏറെ സമ്മര്‍ദത്തിനൊടുവില്‍ അയ്യൂബ് മൗലവി മാപ്പ് എഴുതിത്തരുകയും ചെയ്തുവെന്നും കാരശ്ശേരി പറഞ്ഞു. വീഡിയോ കാണാം: