അതിവേഗ ബഹിരാകാശ യാത്ര നടത്തി റഷ്യയും; സ്‌പേസ് എക്‌സിന് ശേഷമുള്ള ആദ്യ ദൗത്യം

Posted on: October 14, 2020 5:03 pm | Last updated: October 14, 2020 at 5:03 pm

ആല്‍മാടി | അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് റഷ്യന്‍ ക്യാപ്‌സ്യൂളില്‍ അതിവേഗ യാത്ര പുറപ്പെട്ട് മൂന്നംഗ സംഘം. അമേരിക്കയില്‍ നിന്ന് നേരത്തേ വിക്ഷേപിച്ച സ്‌പേസ്എക്‌സിന് ശേഷമുള്ള അതിവേഗ ബഹിരാകാശ യാത്രയാണിത്. റഷ്യയുടെ ആദ്യത്തേതുമാണിത്.

ബഹിരാകാശ യാത്രയിലെ പുത്തന്‍ വഴിത്തിരിവായിരുന്നു സ്‌പേസ് എക്‌സ് ദൗത്യം. റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് പുറമെ നാസയുടെ ഒരു ജ്യോതിശാസ്ത്രജ്ഞയുമാണ് പുറപ്പെട്ടത്. സെര്‍ജി റിഴികോവ്, സെര്‍ജി കുദ് സ്വെര്‍ഷകോവ്, നാസയുടെ കാതലീന്‍ റൂബിന്‍സ് എന്നിവരാണിവര്‍.

കസാക്കിസ്ഥാനില്‍ റഷ്യ പ്രവര്‍ത്തിപ്പിക്കുന്ന ബെക്‌നൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ക്യാപ്‌സ്യൂള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി റഷ്യയുടെ റോസ്‌കോസ്‌മോസ് അറിയിച്ചു. റഷ്യന്‍ മിഷന്‍ കണ്‍ട്രോളും യാത്രികരുമായുള്ള ആശയവിനിമയം സാധ്യമാകുന്നുണ്ടെന്നും എല്ലാം സാധാരണനിലയിലാണെന്നും നാസ അറിയിച്ചു.