രാജ്യത്തെ കൊവിഡ് കേസുകള്‍ 72 ലക്ഷം പിന്നിട്ടു

Posted on: October 14, 2020 10:27 am | Last updated: October 14, 2020 at 11:48 am

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 63509 കൊവിഡ് കേസുകളും 730 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 72,39,839 ലെത്തി. കൊവിഡിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി 1,10,586 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 63,01,927 പേര്‍ ഇതിനകം കൊവിഡ് രോഗമുക്തി കൈവരിച്ചു. 8,26,876 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കെടുത്താല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 8764 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ 8522 കേസും 187 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 21 മരണങ്ങളാണുണ്ടായത്. എന്നാല്‍ മൊത്തം കൊവിഡ് കേസും മരണങ്ങളും പരിശോധിച്ചാല്‍ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഏറെ മുന്നിലാണ്. മഹാരാഷ്ട്രയില്‍ ഇതിനകം 40,701 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയില്‍ 6293, കര്‍ണാടകയില്‍ 10,123, തമിഴ്‌നാട്ടില്‍ 10,371, യു പിയില്‍ 6446, ഡല്‍ഹിയില്‍ 5854, ബംഗള്‍ 5744, തെലുങ്കാന 1241, ഗുജറാത്ത് 3584, രാജസ്ഥാന്‍ 1679, ചത്തീസ്ഗഢ് 1306, ഹരിയാന 1601, പഞ്ചാബ് 3984, മധ്യപ്രദേശ് 2671, ജമ്മു കശ്മീര്‍ 1340, കേരളത്തില്‍ 1046 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.