മുപ്പതിനായിരം കാണികൾ; കായിക ലോകത്തെ കൊതിപ്പിച്ചൊരു റഗ്ബി

Posted on: October 14, 2020 7:34 am | Last updated: October 14, 2020 at 7:34 am
ന്യൂസിലാൻഡ് തലസ്ഥാനമായ വെല്ലിംഗ്ടണിൽ സംഘടിപ്പിച്ച റഗ്ബി മത്സരം കാണാനെത്തിയവർ

വെല്ലിംഗ്ടൺ | കൊവിഡ് നിയന്ത്രണ, പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ രാജ്യമാണ് ന്യൂസിലാൻഡ്. ആ രാജ്യത്ത് നിന്ന് ‘ലീഡർഷിപ് മാറ്റർ’ എന്ന ഹാഷ്ടാഗിൽ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ ഏവരെയും കൊതിപ്പിക്കുന്നതാണ്. ലോകം കൊറോണവൈറസ് ഭയത്തിൽ യാത്രകളും ആൾക്കൂട്ടവും ചുരുക്കി ഒതുങ്ങിക്കഴിയുമ്പോൾ, ആയിരക്കണക്കിന് വരുന്ന കായിക പ്രേമികൾ വലിയ സ്‌റ്റേഡിയത്തിൽ ഒത്തുകൂടി റഗ്ബി ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണവ. തലസ്ഥാനമായ വെല്ലിംഗ്ടണിൽ മുപ്പതിനായിരത്തിലേറെ ആസ്വാദകരെക്കൊണ്ട് തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിലാണ് ഞായറാഴ്ച മത്സരം നടന്നത്. കൊവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ട് ഏഴ് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് റഗ്ബി സംഘടിപ്പിക്കുന്നത്.

ബ്ലെഡിസ്‌ലോ കപ്പ് ടെസ്റ്റ് കാണുന്നതിന് വെല്ലിംഗ്ടൺ സ്‌റ്റേഡിയത്തിലെത്തിയ റഗ്ബി പ്രേമികൾ ആവേശത്തിലായിരുന്നു. മാസ്‌കോ സാമൂഹിക അകലമോ അവരെ ഒരുതരത്തിലും അസ്വസ്ഥരാക്കുന്നില്ല. കൊവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് സ്‌റ്റേഡിയത്തിലേക്ക് അവരെ പ്രവേശിപ്പിച്ചത്.


എങ്കിലും, കൊവിഡ് കാലം നിലനിൽക്കെ തന്നെ സംഘടിപ്പിച്ച കളിയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിമർശവും ഉയരുന്നുണ്ട്. തികച്ചും നിരുത്തരവാദപരം എന്നാണ് വിമർശകർ ആക്ഷേപിക്കുന്നത്. മിക്ക രാജ്യങ്ങളും ഇപ്പോഴും കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമായിട്ടില്ല. ഇത്രയും ആൾക്കൂട്ടം ഒരുമിച്ചെത്തുന്നത് ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ, മറ്റൊരു വിഭാഗം ഇതിനെ ശുഭസൂചകമെന്ന് വിശേഷിപ്പിക്കുന്നു. ഈ മഹാമാരിക്കാലത്ത് ജനങ്ങൾക്ക് ഇത്രയും ആത്മവിശ്വാസത്തോടെ ഒന്നിച്ചിരിക്കാൻ കഴിയുന്നത് ഭരണ നേതൃത്വത്തിന്റെ മിടുക്കാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെ തുടക്കത്തിൽ തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ജൂണിൽ തന്നെ രാജ്യം കൊവിഡ് മുക്തമെന്ന് ജസീന്ത പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഏതാനും കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കൊവിഡിനെതിരെ അവർ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് അടുത്തിടെ പല കായിക മത്സരങ്ങളും ആരംഭിച്ചിട്ടുണ്ട്. പക്ഷേ, കർശന പരിശോധനകൾക്ക് ശേഷം കളിക്കാരെയും ഔദ്യോഗിക സംഘത്തെയും മാത്രമാണ് സ്‌റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കുന്നത്. യുവേഫ നാഷൻസ് ഫുട്‌ബോൾ ലീഗ്, പ്രീമിയർ ലീഗ്, യു എ ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയ പ്രധാന ടൂർണമെന്റുകൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. എന്നാൽ, കാണികൾക്ക് സ്‌റ്റേഡിയങ്ങളിൽ പ്രവേശനമില്ല.