രണ്ടാം ഘട്ട കൊവിഡ് വ്യാപനം: യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്

Posted on: October 14, 2020 6:33 am | Last updated: October 14, 2020 at 2:43 pm

പാരീസ് |  ഒരിടവേളക്ക് ശേഷം വീണ്ടും കൊവിഡ് രോഗ വ്യാപനം ഉണ്ടായതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെക്കൊണ്ട് നിറയുകയാണെന്നാണ് റിപ്പോര്‍ട്ട്. ചെക്ക് റിപ്പബ്ലിക്കില്‍ വീണ്ടും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളുകളും, ബാറുകളും, ക്ലബുകളും അടച്ചിടാന്‍ ഭരണകൂടം നിര്‍ദേശിച്ചു. ഇവിടെ ശരാശരി 10,000പേര്‍ക്കെങ്കിലും ദിനംപ്രതി കൊവിഡ് പിടിപെടുന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടക്കാനും നിര്‍ദേശമുണ്ട്.

ഫ്രന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ആശുപത്രികളില്‍ 90 ശതമാനവും അടുത്തയാഴ്ചയോടെ കൊവിഡ് ബാധിതരെക്കൊണ്ട് നിറയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് വൈകിട്ട് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പാരീസ് അടക്കമുള്ള നഗരങ്ങളെ ഹോട്ട്‌സ്‌പോട്ടുകള്‍ ആക്കാനും നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനുമാണ് സാധ്യതയെന്നാണ് മാധ്യമ വാര്‍ത്തകള്‍.

നെതര്‍ലന്‍ഡില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടെ പൊതു ഇടങ്ങളില്‍ മാസ്‌ക് കര്‍ശനമാക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ സ്ഥിതിവിവരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും വ്യക്തമാക്കിയിരുന്നു. ആവശ്യമായി വന്നാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നിലവില്‍ സ്ഥിതിഗതികള്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടന്‍ ത്രിതല സുരക്ഷാ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. കൊവിഡിന്റെ തീവ്രതക്ക് അനുസരിച്ച് മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ബ്രിട്ടന്‍ നടത്തുന്നത്. ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നു.