ഹത്രാസ് പെണ്‍കുട്ടിയുടെ ശവസംസ്‌കാരം: മനുഷ്യാവകാശ ലംഘനമുണ്ടായി; പോലീസിന്റെ പങ്ക് പരിശോധിക്കുമെന്നും കോടതി

Posted on: October 14, 2020 1:35 am | Last updated: October 14, 2020 at 8:04 am

ന്യൂഡല്‍ഹി |  ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പോലീസ് സംസ്‌കരിച്ച സംഭവത്തിനെതിരെ വിമര്‍ശനവുമായിഅലഹബാദ് ഹൈക്കോടതി. ക്രമസമാധാനത്തിന്റെ പേരിലാണെങ്കില്‍ പോലും ഇരയോടും അവളുടെ കുടുംബത്തിനോടുമുള്ള മനുഷ്യവകാശ ലംഘനമാണ് പ്രഥമദൃഷ്ട്യാ ഉണ്ടായിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ടശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ്ഇത്തരത്തിലൊരു നിരീക്ഷണം.

സംസ്‌കാരം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പോലീസിന്റെ പങ്ക് പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി കൊല്ലപ്പെട്ട സ്ത്രീക്ക് മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസൃതമായി ശവസംസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞു. അവളുടെ കുടുംബം നിര്‍വഹിക്കേണ്ടതാണ് ഇതെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന നടപടി ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് ചില മോശം കൂട്ടുകെട്ടുകളുണ്ടെന്നും ധാരാളം പേരുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ചില ആരോപണങ്ങള്‍ ഇതിനിടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു.