മലപ്പുറം | പ്ലസ്‌വൺ ഏകജാലകം വഴി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അപേക്ഷ സ്വീകരിക്കൽ ബുധനാഴ്ച അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്നത് 43,528 സീറ്റുകൾ. സംസ്ഥാനത്ത് ആകെ 2,22,522 സീറ്റുകളിൽ 1,78,994 സീറ്റുകളിൽ പ്രവേശനം പൂർത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് സയൻസ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 21,541 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കൊമേഴ്‌സ് വിഭാഗത്തിൽ 12,648 പേരും ഹ്യുമാനിറ്റീസിൽ 9,339 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലാണ് കൂടുതൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത്- 5,318 സീറ്റ്. കോഴിക്കോട് 4,511, തൃശൂർ 4,100, എറണാകുളം 4,074, കണ്ണൂർ 3,506, കോട്ടയം 3,270, പാലക്കാട് 3,068, ആലപ്പുഴ 2,968, പത്തനംതിട്ട 2,783, കൊല്ലം 2,662, തിരുവനന്തപുരം 2,391, ഇടുക്കി 1,979, കാസർകോട് 1,679, വയനാട് 1,219 എന്നിങ്ങനെയാണ് അവസാന കണക്ക്.
എന്നാൽ, മലപ്പുറം ജില്ലയെ സംബന്ധിച്ച് നിലവിലുള്ള ഒഴിവുകൾ പൂർത്തീകരിച്ചാലും 39,550 വിദ്യാർഥികൾ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കേണ്ടി വരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. 80,862 അപേക്ഷകരാണ് ആകെ ജില്ലയിലുള്ളത്. ഇവർക്കായി 41,312 സീറ്റുകൾ മാത്രമേ ആകെയുള്ളൂ. നിലവിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌പൂർത്തികരിക്കുന്ന മുറക്ക് ഒഴിവുള്ള സീറ്റുകൾ നികത്തപ്പെട്ടാലും ഈ പ്രശ്‌നത്തിന് പരിഹാരമാകില്ല. അപേക്ഷകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടും സീറ്റ് പൂർണമല്ല. 48,687 അപേക്ഷകരുള്ള ജില്ലയിൽ 27,738 സീറ്റുകൾ മാത്രമേ ആകെയുള്ളൂ.
43,920 അപേക്ഷകരുമായി മൂന്നാം സ്ഥാനത്തുള്ള പാലക്കാട്ടും 24,355 സീറ്റുകൾ മാത്രമാണ് ആകെയുള്ളത്. സംസ്ഥാനത്ത് 4,76,046 അപേക്ഷകരാണ് ആകെയുള്ളത്. ഇവർക്കായി 2,78,994 സീറ്റുകളാണുള്ളത്. ഈ കണക്ക് വെച്ച് നോക്കുമ്പോൾ 1,97,052 പേർ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. ഈ മാസം 10 മുതലാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്‌വഴി ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചത്.
നാളെ വൈകീട്ട് അഞ്ച് വരെ അപേക്ഷ നൽകാം. ഓരോ സ്‌കൂളുകളുടെയും ഒഴിവ് വന്ന കോഴ്‌സ് സീറ്റിലേക്കാണ് അപേക്ഷ നൽകേണ്ടത്. ഇതുവരെ പ്രവേശനത്തിന് അപേക്ഷിക്കാത്തവർക്കും എസ് എസ് എൽ സി സേ പരീക്ഷ വിജയിച്ചവർക്കും ഇത്തവണ പ്രവേശനത്തിന് അപേക്ഷ നൽകാൻ സൗകര്യമുണ്ട്.
ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും ഏതെങ്കിലും സീറ്റിൽ പ്രവേശനം നേടി വിടുതൽ സർട്ടിഫിക്കറ്റ് (ടി സി)വാങ്ങിയവർക്കും അപേക്ഷിക്കാൻ അർഹതയുണ്ടാകില്ല.