യു പിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ദളിത് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ചു

Posted on: October 13, 2020 12:01 pm | Last updated: October 13, 2020 at 8:29 pm

ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ ദളിതുകള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേരെയാണ് ഒടുവിലത്തെ ആക്രമണം. ഗോണ്ട നഗരത്തിലെ വസതിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട്, 12, 17 വസയസുള്ള സഹോദരിമാര്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുട്ടികളെ നിലവിളികേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോയേക്കും പ്രതി ഓടിമറിയുകയായിരുന്നു. കുട്ടികളെ നിലവില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരില്‍ രണ്ടു പേര്‍ക്ക് ചെറിയ പരുക്കുകളാണുള്ളത്. ഒരു കുട്ടിയുടെ മുഖത്ത് കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാംത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്. ഹത്രാസ് സംഭവത്തിന് ശേഷവും ദളിതുകള്‍ക്കെതിരായ നിരവധി ആക്രമണങ്ങളും ബലാത്സംഗ വാര്‍ത്തകളും യു പിയില്‍ നിന്ന് പുറത്ത് വന്നിരുന്നു. ഭരണകൂടത്തോട് ചേര്‍ന്ന സവര്‍ണ ജാതിക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രധാന ആരോപണം.