International
82 റണ്‍സില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് ബാംഗ്ലൂര്‍

ഷാര്‍ജ | ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 82 റണ്‍സിന് തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സില്‍ അവസാനിച്ചു. കൊല്‍ക്കത്തയ്ക്കായി ശുഭ്മാന്‍ ഗില്‍ (25 പന്തില്‍ 34 റണ്‍സ് ) മാത്രമാണ് പിടിച്ചുനിന്നത്്. ഗില്ലിനു പുറമെ രണ്ടക്കം കടന്നത് ആന്ദ്രെ റസല്‍ (10 പന്തില്‍ 16), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16) എന്നിവര്‍ മാത്രം.
64 റണ്‍സ് എടുക്കുന്നതിനിടെ കൊല്‍ക്കത്തക്ക് അഞ്ച് ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. ബാംഗ്ലൂരിനായി വാഷിങ്ടന്‍ സുന്ദറും ക്രിസ് മോറിസും രണ്ടു വിക്കറ്റ് നേടി. സ്പിന്നര്‍ സുനില്‍ നരെയ്‌നു പകരം ടീമിലെത്തി ടോം ബാന്റനാണ് ഗില്ലിനൊപ്പം കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നാലാം ഓവറില്‍ നവ്ദീപ് സെയ്‌നി ബാന്റന്റെ വിക്കറ്റെടുത്തു. 12 പന്തില്‍ ആകെ എട്ട് റണ്‍സായിരുന്നു ബാന്റന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തി നിതീഷ് റാണയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 14 പന്തില്‍ 9 റണ്‍സെടുത്ത റാണയെ വാഷിങ്ടന്‍ സുന്ദര്‍ മടക്കി. അടുത്ത മൂന്നു ഓവറുകളില്‍ മൂന്നു ബാറ്റ്‌സ്മാന്മാരെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി.
ശുഭ്മാന്‍ ഗില്‍, ദിനേഷ് കാര്‍ത്തിക് (2 പന്തില്‍ ഒരു റണ്‍സ്), ഒയിന്‍ മോര്‍ഗന്‍ (12 പന്തില്‍ 8) എന്നിവരുടെ വിക്കറ്റുകളാണ് അടുത്തത്ത ഓവറുകളില്‍ വീണത്. അതിനുശേഷമെത്തിയെ റസല്‍ രാഹുല്‍ ത്രിപാഠി സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 14 ഓവറില്‍ റസലും ഔട്ട്. ഇസുരു ഉഡാനയുടെ പന്തില്‍ സിറാജ് ക്യാച്ചെടുത്താണ് റസല്‍ പുറത്തായത്. യഥാക്രമം 15, 17 ഓവറുകളില്‍ പാറ്റ് കമ്മിന്‍സ് (3 പന്തില്‍ 1 റണ്‍സ്), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16) എന്നിവരും പുറത്തായതോടെ കൊല്‍ക്കത്തയുടെ പതനം പൂര്‍ത്തിയായി. 19ാം ഓവറില്‍ കമലേഷ് നാഗര്‍കോട്ടിയെ ക്രിസ് മോറിസ് പുറത്താക്കി.
വരുണ്‍ ചക്രവര്‍ത്തി (10 പന്തില്‍ 7), പ്രസീദ് കൃഷ്ണ (3 പന്തില്‍ 2) പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി പന്തെറിഞ്ഞ എല്ലാം ബോളര്‍മാരും വിക്കറ്റ് നേടി. വാഷിങ്ടന്‍ സുന്ദര്‍ രണ്ടു വിക്കറ്റും യുസ്വേന്ദ്ര ചെഹല്‍, മുഹമ്മദ് സിറാജ്, ക്രിസ് മോറിസ്, ഇസുരു ഉഡാന, നവദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ചെഹല്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എബി ഡിവില്ലേഴ്‌സിന്റെ (33 പന്തില്‍ 73 റണ്‍സ്) ബാറ്റിങ് മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ദേവ്ദത്ത് പടിക്കല്‍ (23 പന്തില്‍ 32 റണ്‍സ്), ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47 റണ്‍സ്), വിരാട് കോലി (28 പന്തില്‍ 33 റണ്‍സ്) എന്നിവരും തിളങ്ങി.