നിങ്ങളുടെ മകളായിരുന്നുവെങ്കില്‍ ഇങ്ങനെ സംസ്‌കരിക്കുമോ; യു പി പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി അലഹബാദ് ഹൈക്കോടതി

Posted on: October 12, 2020 11:14 pm | Last updated: October 13, 2020 at 8:36 am

അലഹാബാദ് |  ഹത്രാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി. നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇങ്ങനെ സംസ്‌കരിക്കാന്‍ അനുമതി നല്‍കുമോയെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാായ അഭിഭാഷകയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന കുടുംബം ആവശ്യപ്പെട്ടു. അതിനിടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിക്കാന്‍ താനാണ് ഉത്തരവിട്ടതെന്ന് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി.

ഉച്ചക്ക് ശേഷം രണ്ട് മണിയോടെ കനത്ത സുരക്ഷാവലയത്തിലാണ് ഹത്രാസ് ് പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ എത്തിച്ചത്. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം പൊലീസ് സംസ്‌കരിച്ചതെന്ന് കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചു. അസാധാരണ സാഹചര്യത്തിലായിരുന്നു അതെന്ന് പോലീസ് പറഞ്ഞപ്പോഴാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. നിങ്ങളുടെ മകളാണെങ്കില്‍ ഇതുപോലെ ചെയ്യുമോ, ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം തുടങ്ങിയ വിമര്‍ശനങ്ങളാണ് കോടതി നടത്തിയത്.

അതേ സമയം ഹത്രാസിലേക്ക് പോകും വഴിക്ക് അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കെ യു ഡബ്‌ള്യു ജെ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളാതെ നിലനിര്‍ത്തിയാണ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം.

യുഎപിഎ അടക്കം ചുമത്തിയതിനാല്‍ ആറോ ഏഴോ വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്നും യുപിയില്‍ വര്‍ഷങ്ങളോളം ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. അത്തരം സാഹചര്യം ഉണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.