ഐ പി എല്‍ വാതുവെപ്പ്; രാജ്യത്ത് വ്യാപക റെയ്ഡ്

Posted on: October 12, 2020 9:05 am | Last updated: October 12, 2020 at 11:12 am

 ന്യൂഡല്‍ഹി | ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

മധ്യപ്രദേശില്‍ നടന്ന റെയ്ഡില്‍ എട്ട് പേരാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ നിന്ന് ഏഴ് പേരെയും പോലീസ് പിടികൂടി. കൂടാതെ ഡല്‍ഹി, ജയ്പൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോര്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ എട്ട് പേര്‍ അറസ്റ്റിലായിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. ദോഹയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ടാണ് സംഘം വാതുവയ്പ് നടത്തിയത്. വാതുവയ്പിന് ഉപയോഗിച്ച പണവും മറ്റും പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.