National
ജസ്റ്റിസ് എന്‍ വി രമണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജഗന്‍മോഹന്‍ റെഡ്ഡി; നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്

ന്യൂഡല്‍ഹി | സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍ വി രമണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ജസ്റ്റിസ് രമണക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്ന് ജഗന്‍മോഹന്‍ റെഡ്ഡി കത്തില്‍ ആരോപിച്ചു.
അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണക്ക് അടുത്ത ബന്ധമുണ്ടെന്നും തന്റെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നും ജഗന്‍ മോഹന്‍ ആരോപിച്ചു. അടുത്ത വര്‍ഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എന്‍വി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പരാതിപ്പെട്ടിട്ടുണ്ട്.