Connect with us

Articles

പെണ്‍കുട്ടികള്‍ നമ്മുടെ അഭിമാനം

Published

|

Last Updated

ഒക്‌ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുകയാണ്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ പ്രതികരിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനാ പരമായി ലിംഗ വിവേചനമില്ലാത്ത സമത്വം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും നമുക്കിതേവരെ അത് കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

കേരളം സാമൂഹിക സാംസ്‌കാരിക രംഗത്ത് വളരെയേറെ മുന്നേറിയതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതിലഭ്യമാക്കുന്ന നടപടിക്രമങ്ങളില്‍ ഒട്ടേറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് മൊത്തത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ മനോഭാവവും ആധുനിക സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരായ കാഴ്ചപ്പാടുകളും കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കുന്നതിനുള്ള ബോധവത്കരണവും ഇടപെടലുകളും നാം തുടര്‍ന്നും നടത്തണം.

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ഒരു പെണ്‍കുട്ടിയെ അതിനീചമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്താണ് ഇത്തവണ ബാലികാ ദിനം ആചരിക്കുന്നത്. യു പിയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനവും സവര്‍ണ മേധാവിത്വവുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. യു പി സര്‍ക്കാറും പോലീസും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍ഭയക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ക്രൂരമായ ഒരു സംഭവമാണിത്. എന്നാല്‍, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി ക്രൂരതകള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അരങ്ങേറുന്നുണ്ട് എന്നാണ് നാം അറിയുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയും ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും സ്ത്രീകളോടുള്ള അവഗണയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ജനനം മുതല്‍ ആറ് വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തില്‍ അടുത്ത കാലത്ത് കുറവുണ്ടായത് പ്രത്യേകം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ പെണ്‍ഭ്രൂണഹത്യയോ കുട്ടികളുടെ കാര്യത്തില്‍ ആണ്‍ പരിഗണനയോ കേരളത്തില്‍ വ്യാപകമല്ല എന്നാണ് കാണുന്നത്. മറ്റുചില ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് പിന്നിലെന്നതാണ് വിദഗ്ധാഭിപ്രായം. പി സി പി എന്‍ ഡി ടി ആക്ട് അനുസരിച്ച് പെണ്‍ ഭ്രൂണഹത്യ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കേരളം പരിശ്രമിക്കുന്നുണ്ട്. പി എൻ ‍ഡി ടി ക്ലിനിക്കുകള്‍ തുടര്‍ന്നും പരിശോധനക്ക് വിധേയമാക്കും.
ഇങ്ങനെ വിവിധങ്ങളായ പദ്ധതികളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനാണ് വനിതാ ശിശുവികസന വകുപ്പ് മുന്‍കൈയെടുക്കുന്നത്.

ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവും പ്രായം ചെന്ന ചിലർ കുഞ്ഞുമക്കളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവവും അധ്യാപകന്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമടക്കം ചില സംഭവങ്ങള്‍ കേരളത്തിലും ഉണ്ടായി എന്നത് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ഇവിടെയും ആവശ്യമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തില്‍ ശക്തമായ ബോധവത്കരണവും നടത്തേണ്ടതുണ്ട്.

നിലവിലുള്ള നിയമത്തിലെ സാധ്യതകള്‍ അനുസരിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണം. ഈ ബാലികാ ദിനത്തില്‍ നമ്മുടെ പെണ്‍മക്കള്‍ക്കായി തുല്യതയുടെ സാമൂഹികാന്തരീക്ഷം തീര്‍ക്കാന്‍ അവരുടെ വ്യക്തിത്വവും കഴിവുകളും പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ അവസരം കൊടുക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

ആരോഗ്യ, സാമൂഹിക നീതി മന്ത്രി

---- facebook comment plugin here -----

Latest