Connect with us

Kerala

സൈനികരെ അധിക്ഷേപിച്ച കേസിലും വിജയ് പി നായര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീകളെ അധിക്ഷേപിച്ചതിന് പിന്നാലെ സൈനികരേയും കുടുംബത്തേയും അധിക്ഷേപിച്ച കേസിലും വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ അറസ്റ്റില്‍. സൈബര്‍ പോലീസാണ് ജയിലില്‍ കഴിയുന്ന വിജയ് പി നായറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ മോശം വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായരെ കൈയേറ്റം ചെയ്തിരുന്നു. സംഭവത്തില്‍ അദ്ദേഹത്തെക്കൊണ്ട് മാപ്പും പറയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് പി നായര്‍ മറ്റൊരു യൂട്യൂബ് വീഡിയോയില്‍ സൈനികരെ അധിക്ഷേപിത് പുറത്തായത്. ഇതോടെ ഇതിനെതിരെ പരാതിയും ഉയരുകയായിരുന്നു.

ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂടൂബര്‍ വിജയ് പി നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പോലീസ് എതിര്‍ത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ റിമാന്‍ഡിലാണ് വിജയ് പി നായര്‍.

എന്നാല്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നതാണ് ഈ ആക്രമണമെന്നും ഇതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാഗ്യലക്ഷ്മിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

 

 

Latest