Connect with us

Kerala

ഓപണ്‍ യൂനിവേഴ്‌സിറ്റി വി സി നിയമനം: വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊല്ലത്ത് പുതുതായി സ്ഥാപിച്ച ശ്രീ നാരായണ ഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ യൂനിവേഴ്‌സിറ്റികളിലേയും വി സിമാരുടെ പേര് പറഞ്ഞായിരുന്നു മറുപടി.

ഓപണ്‍ യൂനിവേഴ്‌സിറ്റിയിലല്ലാതെ സംസ്ഥാനത്തെ മറ്റൊരു യൂനിവേഴ്‌സിറ്റിയിലും വി സിയായി മുസ്ലിം വിഭാഗത്തില്‍ നിന്ന് ആരുമില്ലെന്ന് അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്ന് വ്യക്തമായി. എല്ലാ യൂനിവേഴ്‌സിറ്റികളിലും വി സിമാരുടെ നിയമനത്തിനുള്ള അതേ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഓപണ്‍ യൂനിവേഴ്‌സിറ്റി വി സിയെയും നിയമിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക്, ഭരണ മികവുകള്‍ക്കാണ് പ്രഥമ പരിഗണന.

സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചതിന്റെ ലക്ഷ്യം. മറ്റ് യൂനിവേഴ്‌സിറ്റികള്‍ക്ക് അക്കാദമിക് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലൂടെ സാധിക്കും. വിദൂര വിദ്യാഭ്യാസ മേഖല ഓപണ്‍ യൂനിവേഴ്‌സിറ്റിയിലേക്ക് മാറുന്നതോടെ അക്കാദമിക് മേഖല ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓപണ്‍ യൂനിവേഴ്‌സിറ്റിക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കിയത് യാദൃച്ഛികമല്ല. വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പരിഗണന നല്‍കി എല്ലാവരെയും മികവുറ്റവരാക്കാന്‍ യത്‌നിച്ചയാളാണ് ഗുരു. സര്‍ക്കാര്‍തലത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരവ് അര്‍പ്പിക്കാനാണ് ഓപണ്‍ യൂനിവേഴ്‌സിറ്റിക്ക് അദ്ദേഹത്തിന്റെ നാമം നല്‍കിയതെന്നും പിണറായി പറഞ്ഞു.

സാധാരണ യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം പോലെ തന്നെയാണ് ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെതും. ഇക്കാര്യത്തില്‍ ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടായി. എവിടെയോ ചില തെറ്റിദ്ധാരണകളുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളിയെ പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്നും ശ്രീനാരായണ ഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി പദ്ധതിയെ വില കുറച്ചുകാണാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ പ്രഥമ വി സിയായി മുസ്ലിം സമുദായത്തിൽ പെട്ട മലബാര്‍ മേഖലയില്‍ നിന്നുള്ള ഒരാളെ നിയമിച്ചതില്‍ സര്‍ക്കാറിനെതിരെ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ രൂക്ഷഭാഷയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നത്.