Connect with us

Articles

യു പി പോലീസ് കാത്തിരുന്ന ‘ഇര’

Published

|

Last Updated

ഒക്ടോബര്‍ അഞ്ചിന് രാത്രിയിലാണ് സുഹൃത്തും ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയറിയുന്നത്. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ എത്തിയത്. സിദ്ദീഖ് കാപ്പനെ നേരിട്ടറിയുന്ന ഓരോ മാധ്യമ പ്രവര്‍ത്തകനും വലിയ ഞെട്ടലായിരുന്നു ആ വാര്‍ത്ത. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നേരിട്ട് അടുത്തറിയാവുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് സിദ്ദീഖ് കാപ്പന്‍. മലപ്പുറം വേങ്ങരക്കടുത്തുള്ള പൂച്ചോലമാട് സ്വദേശിയാണ്. കേരള പത്രപ്രവര്‍ത്തക യൂനിയൻ ഡൽഹി ഘടകം ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പന്‍ തേജസ്, തത്സമയം പത്രങ്ങള്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നത്. കേരളത്തില്‍ തേജസിനു പുറമെ മംഗളം ദിനപത്രത്തിനു വേണ്ടിയും സിദ്ദീഖ് കാപ്പന്‍ തൊഴിലെടുത്തിട്ടുണ്ട്. തേജസ്, തത്സമയം ദിനപത്രങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ അഴിമുഖത്തിന് വേണ്ടി ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു വരികയായിരുന്നു സിദ്ദീഖ്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അംഗത്വത്തിന് പുറമെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഡല്‍ഹിയിലെ മറ്റ് ജേര്‍ണലിസ്റ്റ് യൂനിയനുകള്‍ തുടങ്ങിയവയിലും അംഗത്വം ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ തേജസ് ദിനപത്രത്തിലായിരുന്ന സമയത്ത് സുപ്രീം കോടതി റിപ്പോര്‍ട്ടിംഗിനുള്ള പാസ്സും സിദ്ദീഖ് കാപ്പന് സുപ്രീം കോടതി പബ്ലിക് റിലേഷന്‍ വകുപ്പ് അനുവദിച്ചിരുന്നു. ഇത്രയും പറഞ്ഞത് സിദ്ദീഖ് കാപ്പന്‍ എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തനം നടത്തിയതെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്. സിദ്ദീഖ് മാധ്യമ പ്രവര്‍ത്തകനല്ലെന്നും പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൂടെ സംഘടനാ പ്രവര്‍ത്തനത്തിന് പോയതാണെന്നുമാണ് ചിലര്‍ വാദിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്നുവെങ്കില്‍ എന്തിന് പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൂടെ പോകണം എന്നാണ് അവര്‍ ചോദിക്കുന്നത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അങ്ങനെ ചോദിക്കാനാകും. എന്നാല്‍, വാര്‍ത്താ സൈറ്റുകളിലേക്ക് പോകാന്‍ ടി എ പോലും ലഭ്യമാകാത്ത ചെറിയ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കിട്ടുന്ന ഏതെങ്കിലും വഴി ഉപയോഗിച്ച് സൈറ്റിലെത്തുകയാണ് ചെയ്യാറുള്ളത്. വസ്തുതാന്വേഷണ സംഘങ്ങളുടെ കൂടെയോ വലിയ മാധ്യമ സ്ഥാപനങ്ങളുടെ വാഹനത്തില്‍ ഒരിടം കണ്ടെത്തിയോ ആണ് സാധാരണയായി ഇത്തരം മാധ്യമ പ്രവര്‍ത്തകര്‍ സംഭവ സ്ഥലങ്ങളില്‍ എത്തിപ്പെടാറുള്ളത്. അവിടെ തങ്ങളെ കൊണ്ടുപോകുന്നത് ആര്‍ എസ് എസുകാരനാണെന്നോ പോപ്പുലര്‍ ഫ്രണ്ടുകാരനാണെന്നോ അവര്‍ നോക്കാറില്ല.

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ മഥുരയിലെ ടോള്‍ പ്ലാസയില്‍വെച്ചാണ് യു പി പോലീസ് കാപ്പനെയും കൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ അഞ്ചിന് എപ്പോഴാണ് കാപ്പനെ അറസ്റ്റ് ചെയ്തത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. രാവിലെ ഒമ്പതരക്ക് കസ്റ്റഡിയിലെടുത്തെന്നാണ് സംശയം. എന്നാല്‍ വൈകുന്നേരം നാല് മണിക്ക് കസ്റ്റഡിയിലെടുത്തതായാണ് പോലീസ് എഫ് ഐ ആര്‍ അടക്കമുള്ള രേഖകളില്‍ കാണിച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പനോടൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അതീഖുര്‍റഹ്മാന്‍, മസ്ഹൂദ് അഹ്മദ്, ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ആലം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ, മാധ്യമ പ്രവര്‍ത്തകനാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശ് പോലീസുമായും ബി ജെ പി നേതാക്കളുമായും ബന്ധപ്പെട്ടിരുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം ആള്‍ ജാമ്യത്തില്‍ വിടാവുന്ന കേസ് മാത്രമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞിരുന്നത്. മഥുരയിലെ മാന്തി പോലീസ് സ്റ്റേഷനിലാണ് ഇവര്‍ ഉള്ളതെന്നറിഞ്ഞ് ബി ജെ പി ബന്ധമുള്ള അഭിഭാഷകയെ ഉപയോഗിച്ച് പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ആ സന്ദര്‍ഭത്തിലും യു പിയിലെ ആരെയെങ്കിലും ഉപയോഗിച്ച് ആള്‍ ജാമ്യം സംഘടിപ്പിക്കാകുന്നതാണെന്നും ഡല്‍ഹിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇവിടെ വന്ന് മാധ്യമ പ്രവര്‍ത്തകനെ കൂട്ടിക്കൊണ്ടുപോകാമെന്നുമാണ് പോലീസ് പറഞ്ഞത്. ഡല്‍ഹിയില്‍ നിന്ന് ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ മാന്തിയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് പോലീസ് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായി എത്തുന്നത്. പിടികൂടിയവരെ വിട്ടയക്കാനാകില്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകന്‍ അടക്കമുള്ളവര്‍ ചെയ്തിരിക്കുന്നതെന്നുമാണ് പോലീസ് അറിയിച്ചത്. അപ്പോഴേക്കും മാധ്യമ പ്രവര്‍ത്തകനെ വിട്ടുകിട്ടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശിലെ ഭരണകൂട ബന്ധമുള്ളവര്‍ ആകെയും കൈയൊഴിഞ്ഞിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ തീരുമാനം വന്നുവെന്നായിരുന്നു പിന്നീട് ഭരണകൂടങ്ങളോട് അടുത്തുനില്‍ക്കുന്നവര്‍ പറഞ്ഞത്. അറസ്റ്റിനു പിന്നാലെ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാന്തിപോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ വെല്ലുവിളികളും കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്.

തൊട്ടു തലേന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാഥ്റസിലെ പ്രതിഷേധങ്ങളെ പൊളിക്കാന്‍ തയ്യാറാക്കിയ റെസിപ്പിയിലേക്ക് പറ്റിയ ഏറ്റവും മികച്ച ചേരുവയായിരുന്നു വന്നുകിട്ടിയത്. അവര്‍ അതെങ്ങനെ ഉപയോഗിക്കാതിരിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് പറഞ്ഞിരുന്നത്. പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് സജീവമായ ജസ്റ്റിസ് ഫോര്‍ ഹാഥ്‌റസ് വിക്ടിം എന്ന വെബ്‌സൈറ്റില്‍ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുവെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചത്. സമരങ്ങള്‍ക്കിടെ പോലീസ് നടപടിയെ ചെറുക്കാന്‍ അമേരിക്കയില്‍ അടുത്തിടെ കറുത്ത വര്‍ഗക്കാര്‍ നടത്തിയ സമരത്തിലെ രീതികള്‍ സ്വീകരിക്കണമെന്ന ആഹ്വാനം വെബ്‌സൈറ്റിലുണ്ടെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹാഥ്റസില്‍ സമരം ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ വന്നു കയറുന്നത്. മലപ്പുറം, മുസ്്ലിം, മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എന്നിവയെല്ലാം യോഗി ആദിത്യനാഥിന്റെ അന്താരാഷ്ട്ര ഗൂഢാലോചനാ സിദ്ധാന്തത്തിന് പറ്റിയ ഇരയായിരുന്നു. യു എ പി എ സെക്്ഷന്‍ 17 (ഭീകരവാദ പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തി), സെക്്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കല്‍), സെക്ഷന്‍ 295 എ (ഏതെങ്കിലും വിഭാഗത്തിനെ അവഹേളിക്കുന്നതിന് മനപ്പൂര്‍വമുള്ള പ്രവൃത്തി) എന്നിവയാണ് സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്റെ കൈയില്‍ നിന്ന് ലഘുലേഖ പിടിച്ചെടുത്തു എന്നാണ് രാജ്യദ്രോഹത്തിനായി യു പി പോലീസ് പറയുന്ന കാരണം. ഇവരുടെ പക്കല്‍ നിന്ന് മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ലാപ്ടോപ് ഉള്‍പ്പെടെയുള്ളവയില്‍ കൃത്രിമം കാണിച്ച് കേസ് നിര്‍മിച്ചെടുക്കുന്ന രീതി ഭീമ കൊറേഗാവില്‍ നമ്മള്‍ കണ്ടതാണ്. അതുപോലെ എന്തെങ്കിലുമാകും യു പി പോലീസും ഒപ്പിച്ചെടുക്കാന്‍ പോകുന്നത്.

സിദ്ദീഖിന്റെ മോചനം ആവശ്യപ്പെട്ട് കെ യു ഡബ്ല്യു ജെയും കേരളത്തിലെ വിവിധ എം പിമാരും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്. ബെന്നി ബെഹനാന്‍, പി ബിനോയ് വിശ്വം, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്്ദുല്‍ വഹാബ്, നവാസ്‌കനി തുടങ്ങിയവരാണ് കത്തെഴുതിയത്. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് എം പിമാര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം ഇനിയൊരു രക്ഷയുണ്ടാകില്ലെന്നാണ് നിയമ വൃത്തങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും പറയുന്നത്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഇപ്പോള്‍ പ്രതീക്ഷയുള്ളത്. ഹരജി അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. റിപ്പോര്‍ട്ടിംഗിനായി ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോയ സിദ്ദീഖിനെ കസ്റ്റഡിയില്‍ എടുത്തത് സുപ്രീം കോടതി മാര്‍ഗ രേഖയുടെ ലംഘനമാണെന്നാണ് അഡ്വ. വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ യൂനിയന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പോലീസ് നടപടിയെന്നും ഹരജിയില്‍ പറയുന്നുണ്ട്. എന്നാല്‍ യു പി പോലീസ് നിര്‍മിച്ചെടുക്കാന്‍ പോകുന്ന “തെളിവുകള്‍” എന്തൊക്കെയായിരിക്കും എന്ന് സുപ്രീം കോടതിയിലെ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോള്‍ മാത്രമായിരിക്കും ലഭ്യമാകുക. യു എ പി എ ഉള്‍പ്പെട്ടതിനാല്‍ ജാമ്യം ലഭിച്ചേക്കുമോയെന്ന കാര്യത്തില്‍ നിയമ വൃത്തങ്ങളൊന്നും തന്നെ ഉറപ്പ് നല്‍കുന്നില്ല.

Latest