Connect with us

Ongoing News

സൈബർ ഇടത്തിലും ആഹ്ലാദം ചോരാതെ സർഗസപര്യ

Published

|

Last Updated

അന്ന് എല്ലാ വീട്ടിലും വലിയ തിരക്കായിരുന്നു. കുട്ടികളും മുതിർന്നവരും ദിവസങ്ങളായി തുടങ്ങിയ ഒരുക്കമാണ്. കഥയും കവിതയും ഓർമയും പാചകക്കുറിപ്പും ഫലിതവും യാത്രാ വിവരണവും എല്ലാം ഒരുക്കണം. വീട്ടിലെ എല്ലാവരുടെയും വക ഓരോന്നുണ്ട്. എല്ലാം എഴുതി… ചിത്രംവരച്ച് വർണം നൽകി തുന്നിയൊരുക്കി പുറം ചട്ടയിൽ പേരെഴുതി ഒരുക്കിയപ്പോൾ ഒന്നാം തരം ഒരു വിഭവമായി. ഒരു കുടുംബ മാഗസിൻ ഒരുക്കാനുള്ള ആവേശത്തിലായിരുന്നു ഒരു ലക്ഷത്തോളം കുട്ടികൾ. അവരുടെ കുടുംബവും പങ്കുചേർന്നതോടെ സർഗ സപര്യയിൽ അതൊരു നാഴികക്കല്ലായിത്തീർന്നു.

കാൽ നൂറ്റാണ്ടിലധികമായി ഓരോ വർഷവും കേരളത്തിൽ നടന്നുവരുന്ന ഒരു കലാസാഹിത്യ മേള കൊവിഡ് കാലത്തും പ്രൗഢി ചോരാതെ നടക്കുകയായിരുന്നു.
1993ൽ തുടക്കം കുറിച്ച എസ് എസ് എഫ് സാഹിത്യോത്സവ് ആണ് ഉത്സവ പ്രതീതി ഒട്ടും ചോരാതെ സൈബർ ഇടങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആഘോഷമാക്കുന്നത്.


പ്രാഥമിക യൂനിറ്റ് തല മത്സരത്തിൽ ഒരു ലക്ഷത്തോളം കുട്ടികൾ മാറ്റുരയ്ക്കുന്ന ഈ മത്സരങ്ങൾക്ക് ഇക്കുറി സ്‌റ്റേജുകളും പന്തലുകളും ഇല്ലെന്നേ ഉള്ളൂ. കൺട്രോൾ റൂമുകളിൽ വിധികർത്താക്കളും സാങ്കേതിക വിദഗ്ധരും ഇരുന്ന് ഓരോ മത്സര ഇനങ്ങളും നിയന്ത്രിക്കുന്നു. ഇത്രയും കാലം മത്സരാർഥികളും ഏതാനും ആസ്വാദകരും മാത്രം പങ്കാളികളായിരുന്ന മത്സര വേദികൾ സൈബർ ഇടത്തിലേക്കു മാറിയതോടെ വീട്ടുകാർക്കെല്ലാം മത്സരങ്ങളിൽ പങ്കാളിത്തം കിട്ടുകയാണുണ്ടായതെന്നും അതിനാൽ ആവേശം പതിൻമടങ്ങ് വർധിച്ചതായും സംഘാടകർ പറയുന്നു.

കഴിഞ്ഞ 26 വർഷമായി യൂനിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാന തലങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഓരോ പ്രദേശത്തിന്റെയും ആഘോഷമായിരുന്നു. എൽ പി സ്‌കൂൾ മുതൽ ഹയർ സെക്കൻഡറി വരേയും 25 വയസ്സുവരെ പൊതുവിഭാഗത്തിലുമായാണ് മത്സരങ്ങൾ നടക്കാറുള്ളത്. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 114 ഇനങ്ങളിലായിരുന്നു സാധാരണയായി മത്സരങ്ങൾ. ഈ വർഷം ഗ്രൂപ്പ് ഇനങ്ങൾ ഒഴിവാക്കിയതിനാൽ 60 ഇനങ്ങളിലായി മത്സരം ക്രമീകരിച്ചു.


ഈ സാഹിത്യോത്സവത്തിൽ പ്രതിഭ തെളിയിച്ചവർ വർഷങ്ങളായി സ്‌കൂൾ കലാമേളയിൽ തിളങ്ങി നിൽക്കുന്നു. സഭാകമ്പമെന്ന പിൻവിളിയെ കുഞ്ഞുനാളിലേ ആട്ടിയകറ്റി ഏതു വേദിയിലും ഉള്ളിലെ പ്രതിഭയെ ഉയർത്തിക്കാട്ടാനുള്ള ആത്മവിശ്വാസവും മിടുക്കും സ്വായത്തമാക്കാനുള്ള വേദി എന്ന നിലയിൽ രക്ഷിതാക്കളും ഏറെ പ്രതീക്ഷയോടെയാണ് ഇക്കാലമത്രയും ഈ മത്സര വേദികളെ സമീപിച്ചിരുന്നത്.

പരമ്പരാഗത മാപ്പിള കലകളുടെ സംഗമ വേദിയായ സാഹിത്യോത്സവ് അറബിക് കാലിഗ്രാഫിപോലുള്ള കലകളെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. മാലപ്പാട്ടുകൾ പോലുള്ള പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ ഹൃദിസ്ഥമാക്കി അനേകം കുട്ടികൾ മത്സരവേദികളിൽ തിളങ്ങി. കുറ്റിയറ്റുപോകുന്ന മാപ്പിളകലകളുടെ പുതുജീവനത്തിന്റെ വേദിയായി മത്സരങ്ങൾ മാറി.
കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ നീലഗിരിയിലും മത്സരം നടക്കുന്നുണ്ട്. കലയും സാഹിത്യവും മാറ്റുരയ്ക്കുന്ന വേദിയിൽ വിജ്ഞാനത്തിനും തുല്യ പ്രാധാന്യം ലഭിക്കുന്നു.

ഫാമിലി മാഗസിൻ, സ്റ്റാറ്റസ് വീഡിയോ, ഇ- പോസ്റ്റർ തുടങ്ങിയ നിർമാണ മത്സരങ്ങളിൽ കുടുംബങ്ങളുടെ പങ്കാളിത്തവും ആവേശകരമായിരുന്നു. സ്‌കൂൾ പഠനം ഓൺലൈനിൽ ആയതിനാൽ അവധി ദിവസങ്ങൾ ഉപയോഗിച്ചാണ് 15 ദിവസങ്ങളിലായി മത്സരങ്ങൾ ക്രമീകരിച്ചതെന്നും സംഘാടകർ പറഞ്ഞു.
ആദ്യമായി മത്സരം ഓൺലൈനിലേക്കു മാറിയപ്പോൾ കലാ സാഹിത്യ രംഗത്തെ നിരവധി പ്രമുഖരുമായി വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു. മുൻ വർഷങ്ങളിലൊക്കെ സംസ്ഥാന തല സാഹിത്യോത്സവിന്റെ ഭാഗമായി പ്രമുഖ സാഹിത്യകാരൻമാർക്ക് പുരസ്‌കാരങ്ങളും സമർപ്പിക്കാറുണ്ട്.
സ്‌റ്റേജും പന്തലും ഇല്ലെങ്കിലും ആവേശം ഒട്ടും ചോരാതെ വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾ, ഗൂഗിൾ ഫോം എന്നിങ്ങനെ നവ സങ്കേതങ്ങളിലൂടെ മേളയുടെ ആരവം സജീവമായി നിൽക്കുന്നു.

മത്സരാർഥികൾക്ക് ചില്ലിക്കാശു ചെലവില്ലാതെയാണ് സ്‌കൂൾ കലാമേളക്കു തുല്യമായ നിലയിൽ ഈ മത്സരങ്ങൾ സംഘടിപ്പിച്ചു പോരുന്നതെന്ന് സംഘാടകർ പറഞ്ഞു. താഴേ തട്ടുമുതൽ സംസ്ഥാന തലം വരെ ഓരോ പ്രദേശത്തും രൂപം കൊള്ളുന്ന സ്വാഗത സംഘങ്ങളായിരുന്നു മത്സരത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്. നാട്ടുകാരുടെയും മത്സരാർഥികളുടെയും ആമോദം മുറ്റി നിന്ന സംഗമങ്ങളായിരുന്നു ഈ മത്സര വേദികൾ. കൊവിഡ് കാരണം പൊതു ഇടങ്ങളിൽ നിന്നു സൈബർ ലോകത്തേക്ക് മത്സരത്തെ മാറ്റിയെങ്കിലും ആവേശവും ആഹ്ലാദവും അവിടെയും അലതല്ലുകയാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest