സാമൂഹിക സുരക്ഷയും വെല്ലുവിളികളും

Posted on: October 9, 2020 12:47 pm | Last updated: October 9, 2020 at 1:45 pm

കൊവിഡ് വ്യാപനത്തിന് മുമ്പ് കേന്ദ്ര ധനമന്ത്രാലയം ഒരു പരിധിവരെ സമയം ചെലവഴിച്ചിരുന്നത് നിലനിന്നിരുന്ന തൊഴിലില്ലായ്മയെയും മാന്ദ്യത്തെയും മറച്ചുപിടിക്കാനാണ്. കൊവിഡ് പ്രതിസന്ധി എല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പ്പിച്ച് കൈ കഴുകാനുള്ള നല്ലൊരു അവസരം കേന്ദ്ര സര്‍ക്കാറിന് ഒരുക്കിക്കൊടുത്തു. ഐ എം എഫിന്റെ കണക്കുകള്‍ പ്രകാരം ജി20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്പാദന സങ്കോചം സംഭവിച്ചിട്ടുള്ളത് ഇന്ത്യയിലാണ്. 25 ശതമാനത്തോളം ഇടിവ് ഉത്പാദനത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് യഥാര്‍ഥ സ്ഥിതി ഇതിലും മോശമായിരിക്കും എന്നതാണ്. എല്ലാ ജി ഡി പി കണക്കുകളും രൂപവത്കരിക്കുന്നത് സംഘടിത (formal) മേഖല കേന്ദ്രീകരിച്ചാണ്. സംഘടിത മേഖലയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മാത്രമാണ് അസംഘടിത (informal) മേഖലയെ കുറിച്ചുള്ള അനുമാനങ്ങള്‍ രൂപവത്കരിക്കുന്നത്. ഇന്ത്യയിലെ അസംഘടിത മേഖലയുടെ വലിപ്പവും പ്രതിസന്ധി ആ മേഖലയെ കൂടുതല്‍ ബാധിക്കുമെന്നുള്ളതും ഔദ്യോഗിക കണക്കുകളേക്കാള്‍ സ്ഥിതി മോശമാണെന്ന് കാണിക്കുന്നു.

രോഗ വ്യാപനം ഒരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും തുടരുകയും ഉത്തേജന പാക്കേജുകള്‍ വെറുമൊരു പ്രഹസനമായി മാറുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഒരുക്കുന്നതിലാണ്. സാധാരണ ഗതിയില്‍ സാമൂഹിക സുരക്ഷ എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് തൊഴിലില്ലായ്മ, രോഗം, അപകടം, മരണം, വാര്‍ധക്യം തുടങ്ങിയ കാരണങ്ങള്‍ മൂലമുണ്ടാകുന്ന ജീവിത നിലവാരത്തകര്‍ച്ചയുടെ കാഠിന്യം കുറക്കുക എന്നുള്ളതാണ്. ഇന്ത്യ പോലുള്ള തീവ്ര ദാരിദ്ര്യമുള്ള രാജ്യങ്ങളില്‍ അവശ്യ ഭക്ഷണത്തിനായുള്ള പൊതു വിതരണ സംവിധാനം, സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം, പ്രീ-സ്‌കൂളിലെ കുട്ടികള്‍ക്കുള്ള അനുബന്ധ പോഷകാഹാരം, പൊതു തൊഴില്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമൂഹിക സുരക്ഷക്ക് ഒരു പൊതുവായ മാനം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ അസംഘടിത മേഖല സമ്പദ് വ്യവസ്ഥയുടെ 60 ശതമാനം വരും. കൂടാതെ രാജ്യത്തിന്റെ 80 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നതും ഇവിടെയാണ്. സംഘടിത മേഖലകളിലെ കരാര്‍ തൊഴിലാളികളുടെ കൂടി കണക്കെടുത്താല്‍ ഇത് 90 ശതമാനം വരെ ഉയരും. അതിനര്‍ഥം, രാജ്യത്തെ 90 ശതമാനം തൊഴിലാളികളും യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷയുമില്ലാത്തവരാണ് എന്നാണ്. ഇവരുടെ ദുരിതങ്ങള്‍ നാം ഒരു പരിധിവരെ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിലൂടെ കണ്ടുകഴിഞ്ഞതുമാണ്. ഭക്ഷ്യ റേഷന്‍, താത്കാലിക പാര്‍പ്പിടം തുടങ്ങിയ സര്‍ക്കാറുകളുടെ ദുരിതാശ്വാസ നടപടികള്‍ അസംഘടിത തൊഴിലാളികളെ ഹ്രസ്വകാലത്തേക്ക് സഹായിക്കും. എന്നിരുന്നാലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തൊഴിലാളികള്‍ക്ക് അന്തസ്സോടെയുള്ള ജീവിതം ഉറപ്പാക്കുന്ന സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടത്തണം.

അസംഘടിത മേഖലയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ ദുരവസ്ഥ ലഘൂകരിക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് രണ്ട് പ്രധാന സംരംഭങ്ങള്‍ സ്വീകരിച്ചിരുന്നു. ആദ്യത്തേത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA, 2005). രണ്ടാമത്തേത്, അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമവും (യു ഡബ്ല്യു എസ് എസ് എ, 2008). ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലാത്ത തൊഴിലാളികള്‍ക്ക് നിശ്ചിത ദിവസങ്ങള്‍ തൊഴില്‍ ഉറപ്പ് നല്‍കുന്ന രീതിയില്‍ വിഭാവനം ചെയ്ത തൊഴിലുറപ്പ് പദ്ധതി വന്‍ വിജയമായി. അന്നത്തെ സര്‍ക്കാറിന്റെ മുഖമുദ്രയായി മാറി ഈ പദ്ധതി. ഇപ്പോഴും തൊഴിലുറപ്പ് പദ്ധതി മറ്റ് സാമൂഹിക പദ്ധതികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് നീക്കിയിരിപ്പുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രധാന ക്ഷേമ പദ്ധതിയായി തുടരുന്നു. കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധികളിലെന്ന പോലെ നിലവിലെ സാഹചര്യത്തിലും തൊഴിലുറപ്പ് പദ്ധതി തന്നെയാണ് ഗ്രാമീണ മേഖലയിലെ പ്രധാന രക്ഷാ പദ്ധതിയായി കണക്കാക്കപ്പെടുന്നത്.

മറുവശത്ത്, അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം ശരിയായി നടപ്പാക്കിയില്ല. ഇപ്പോഴും അതിന്റെ സമഗ്രമായ നടപ്പാക്കലിനുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. നാഷനല്‍ കമ്മീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ഇന്‍ അണ്‍ഓര്‍ഗനൈസ്ഡ് സെക്ടറി(എന്‍ സി ഇ യു എസ്)ന്റെ ശിപാര്‍ശകള്‍ പരിഗണിച്ചാണ് അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം നിലവില്‍ വന്നത്. അനിശ്ചിതത്വ സംഭവങ്ങള്‍ നേരിടാനുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമേ ലഭ്യമാകൂ എന്ന സാഹചര്യം മാറ്റി എല്ലാ തൊഴിലാളികള്‍ക്കും ഒരു സാര്‍വത്രിക സാമൂഹിക സുരക്ഷാ പരിരക്ഷക്കായി എന്‍ സി ഇ യു എസ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. പക്ഷേ, അന്നത്തെ യു പി എ സര്‍ക്കാറും പിന്നീട് വന്ന എന്‍ ഡി എ സര്‍ക്കാറും വേണ്ടത്ര പരിഗണന ഈ പദ്ധതിക്ക് നല്‍കിയില്ല. യു ഡബ്ല്യു എസ് എസ് എ ഒരു നിലക്കും എന്‍ സി ഇ യു എസിന്റെ ശിപാര്‍ശകളോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല. ഉദാഹരണത്തിന്, കുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പോര്‍ട്ടബിള്‍ സംവിധാനം എന്‍ സി ഇ യു എസ് ശിപാര്‍ശ ചെയ്തു. കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുമായി ഇടപെടുമ്പോള്‍ സംസ്ഥാനങ്ങളും പൊതു അധികാരികളും തികച്ചും ആശയക്കുഴപ്പത്തിലും നിസ്സഹായതയിലും ആയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു സംവിധാനം വളരെയധികം ഉപയോഗപ്രദമാകുമായിരുന്നു. അന്ന് അസംഘടിത തൊഴിലാളികള്‍ക്ക് ഉചിതമായ ഒരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ നാം നേരിടുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമായിരുന്നു. എന്‍ സി ഇ യു എസ് അംഗം ആയിരുന്ന ഡോ. കെ പി കണ്ണന്‍ അടുത്തിടെ എഴുതിയത്, അന്ന് എന്‍ സി ഇ യു എസ് ശിപാര്‍ശകള്‍ കുഴിച്ചുമൂടാന്‍ ഉത്സാഹിച്ചവരാണ് ഇന്ന് കുടിയേറ്റ തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും കാര്യം പറഞ്ഞ് മുറവിളി കൂട്ടുന്നതെന്നാണ്.
നിലവിലെ സാഹചര്യങ്ങള്‍ ഉചിതമായ സാമൂഹിക സുരക്ഷാ സംവിധാനത്തിന്റെ പ്രാധാന്യവും നിലവിലുള്ള സംവിധാനങ്ങളിലെ പോരായ്മകളും തുറന്നുകാട്ടുന്നുണ്ട്. രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് സമാനമായി ഒരു നഗര കേന്ദ്രീകൃത തൊഴിലുറപ്പ് പദ്ധതി അവതരിപ്പിക്കല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, നഗര കേന്ദ്രീകൃത തൊഴിലുറപ്പ് പദ്ധതി ഉടന്‍ അവതരിപ്പിക്കുമെന്ന് തന്നെയാണ്.

അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റൊരു മേഖല കുട്ടികളുടെ ക്ഷേമമാണ്. കോടിക്കണക്കിന് കുട്ടികളാണ് രാജ്യത്ത് പോഷകാഹാരങ്ങള്‍ക്ക് വിദ്യാലയങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നത്. ഇതോടൊപ്പം വന്‍തോതില്‍ ജോലിയും വരുമാനവും നഷ്ടപ്പെടുന്നു. കുട്ടികള്‍ക്ക് വേണ്ട പോഷകാഹാരം നല്‍കുന്നതിന് ഇതും വലിയ തടസ്സം സൃഷ്ടിക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും വിതരണ ശൃംഖല തടസ്സപ്പെടുന്നതും സാഹചര്യം കൂടുതല്‍ വഷളാക്കുന്നു. യുനെസ്‌കോയുടെ കണക്കുകള്‍ പറയുന്നത്, കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 120 ദശലക്ഷം കുട്ടികളെ ഏറ്റവും മോശമായ അവസ്ഥയില്‍ ദാരിദ്ര്യ രേഖയിലേക്ക് തള്ളിവിടുന്നെന്നാണ്. കൊവിഡ് പ്രതിസന്ധി മറ്റ് ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ കുറവുകളും വലിയൊരു ഭീഷണി ഉയര്‍ത്തുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയ സാഹചര്യത്തില്‍ തന്നെ നേപ്പാള്‍ പോലുള്ള രാജ്യങ്ങളില്‍ അഞ്ചാംപനി കണ്ടെത്തിയത് ആശങ്കയേറ്റുന്നതാണ്. ഈ മേഖലയില്‍ പതിറ്റാണ്ടുകളുടെ പുരോഗതി ഒറ്റയടിക്ക് ഇല്ലാതാകുന്ന അപകട സാധ്യത നിലനില്‍ക്കുന്നു. പൊതു വിതരണ സംവിധാനങ്ങളും പൊതു ആരോഗ്യ സംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തി പോഷകാഹാരങ്ങളും ചികിത്സയും സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴിലുറപ്പ് പദ്ധതി ദുര്‍ബലമാകുന്നതിനെച്ചൊല്ലി ചില കോലാഹലങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി നമുക്ക് കാണിച്ചു തരുന്നത് അത്തരം സാമൂഹിക സുരക്ഷാ പരിപാടികളുടെ ആവശ്യകതയാണ്. ഒപ്പം ഈ പദ്ധതികള്‍ ദുര്‍ബലപ്പെടുത്തുകയല്ല കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്ന് കൂടി ഓര്‍മപ്പെടുത്തുന്നു.

ഷിഹാസ് അബ്ദുര്‍റസാഖ്‌
[email protected]
(ലേഖകന്‍ ബെംഗളൂരു അസിം പ്രേംജി ഫൗണ്ടേഷനില്‍ അസോസിയേറ്റാണ്)