Connect with us

Kerala

പ്രോട്ടോക്കോള്‍ വിവാദത്തില്‍ മറുപടി പറയാതെ മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ച് വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം|  അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രോട്ടോകോള്‍ ലംഘിച്ച് പി ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രോട്ടോകോള്‍ ലംഘനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയോ എന്ന മാധ്യമ പ്രവര്‍ത്തന്റെ ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിങ്ങള്‍ കൈരളിയില്‍ നിന്നല്ലേയെന്നും ഇതിനേക്കാള്‍ വലിയ തമാശ വേറെ ഉണ്ടോ എന്നുമായിരുന്നു മുരളീധരന്‍ മറുപടി.

ആര്‍ക്ക് വേണമെങ്കിലും പരാതി നല്‍കാമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. തന്റെ സര്‍ക്കാറിന് കീഴില്‍ ഒരു തരത്തിലുമുള്ള അഴിമതിയും സ്വജനപക്ഷപാതവും നടക്കാന്‍ അനുവദിക്കില്ല എന്നതാണ് മോദിയുടെ നിലപാട്. അതുകൊണ്ട് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്പോള്‍ ഐ ബി അന്വേഷണത്തെ ഉള്‍പ്പെടെ താങ്കള്‍ സ്വാഗതം ചെയ്യുന്നോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, ആരാണ് ഐ ബി നിങ്ങളാണോ എന്നായിരുന്നു മുരളീധരന്റെ തിരിച്ചുള്ള ചോദ്യം. സുഹൃത്തേ വാര്‍ത്ത നിങ്ങളല്ലേ ഉണ്ടാക്കുന്നത്. ഞാനല്ലല്ലോ വാര്‍ത്ത തരുന്നത്. നിങ്ങളുണ്ടാക്കുന്ന വാര്‍ത്തയെ കുറിച്ച് നിങ്ങള്‍ എന്നോട് ചോദിക്കുന്നതിനേക്കാള്‍ പരസ്പരം ചോദിക്കുന്നതല്ലേ നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.

ബിജെപിയിലെ പടയൊരുക്കം തനിക്കെതിരെയല്ലെ സി പി എമ്മിലെ അഴിമതികള്‍ക്കെതിരെ ആണെന്നും ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.

Latest