Connect with us

National

ഭീമ കൊറേഗാവ് കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റില്‍

Published

|

Last Updated

റാഞ്ചി |  ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഝാര്‍ഖണ്ഡിലെ ആദിവാസി അവകാശ പോരാളിയും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് എന്‍ ഐ എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. രാത്രിയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ എന്‍ ഐ എ സംഘം 20 മിനുട്ടിനകം അദ്ദേഹത്തേയുംകൊണ്ട് മടങ്ങുകയായിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് 15 മണിക്കൂറോളം തന്നെ എന്‍ ഐ എ ചോദ്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റാന്‍ സ്വാമി പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സ്വാമി വ്യക്തമാക്കിയിരുന്നു. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018ലും 2019ലും ഇദ്ദേഹത്തിന്റെ വീട് എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു.

83കാരനായ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 2008ല്‍ മഹാരാഷ്ട്രയിലെ ഭിമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകരേയും ബുദ്ധിജീവികളേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റെന്നാണ് വിമര്‍ശം.

ജീവിതകാലം മുഴുവന്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വ്യക്തിയായിരുന്നു സ്റ്റാന്‍ സ്വാമിയെന്ന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹ പ്രതികരിച്ചു. ഇതിനാലാണ് മോദി ഭരണകൂടം അദ്ദേഹത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ ജീവിതത്തേക്കാള്‍ ഉപരി ഖനന കമ്പനികളുടെ ലാഭത്തിലാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest