National
പ്രോട്ടോകോള്‍ ലംഘനം; സ്മിതാ മേനോന്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂഡല്‍ഹി | യു എ ഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനോടൊപ്പം പ്രോട്ടക്കോള്‍ ലംഘിച്ച് യുവമോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പില്‍നിന്നും വിശദീകരണം തേടിയിരിക്കുകയാണ്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരിന്റെ പരാതിയിലാണ് നടപടി.
2019 നവംബറില്‍ അബുദാബിയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തിലാണ് സ്മിതാ മേനോന്‍ പങ്കെടുത്തത്. മുരളീധരന്റെ അനുവാദത്തോടെയാണ് പങ്കെടുത്തതെന്ന് സ്മിതാ മേനോന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. അന്താരാഷ്ട്രതലത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തനിക്കെങ്ങനെ അനുമതി നല്‍കാനാകുമെന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തിയ വി മുരളീധരന്‍ പിന്നീട് ഇതില്‍ നിന്നും പിന്നാക്കം പോയിരുന്നു. ആര്‍ക്ക് വേണമെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നായിരുന്നു വിശദീകരണം. സ്മിതാ മേനോന്‍ സ്‌റ്റേജില്‍ ഇരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേ സമയം പിആര്‍ ഏജന്‍സിയുടെ ഭാഗമായാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിതാ മേനോന്‍ ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.