നൊബേലിന് അർഹമായ ജനിതക കത്രിക: ജീവന്റെ കോഡ് തിരുത്തിയെഴുതാനുള്ള മാര്‍ഗം

Posted on: October 7, 2020 7:12 pm | Last updated: October 7, 2020 at 7:12 pm

ഈ വര്‍ഷത്തെ രസതന്ത്ര ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പന്റിയറിനും അമേരിക്കന്‍ ഗവേഷക ജന്നിഫര്‍ എ. ഡൗഡ്‌നക്കും നേടിക്കൊടുത്ത കണ്ടുപിടുത്തം ജീവനുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ടത്. ജനിതക സാങ്കേതികവിദ്യയിലെ ഏറ്റവും കരുത്തുറ്റ ആയുധമാണ് ഇരുവരും കണ്ടെത്തിയത്. ക്രിസ്പ്ആര്‍/ കാസ്9 (CRISPR/Cas9) എന്ന ജനിതക കത്രികയാണ് ഇവര്‍ കണ്ടെത്തിയത്.

ഇതുപയോഗപ്പെടുത്തി മൃഗങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങിയവയുടെ ഡി എന്‍ എ അതീവ കൃത്യതയോടെ ഗവേഷകര്‍ക്ക് മാറ്റാന്‍ സാധിക്കും. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ പ്രതിഫലനമാണ് ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുക. പുതിയ അര്‍ബുദ ചികിത്സകള്‍ക്ക് സംഭാവന നല്‍കുമെന്ന് മാത്രമല്ല, പരമ്പരാഗത രോഗങ്ങള്‍ സുഖപ്പെടുത്തുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനും സാധിക്കും.

ജീവന്റെ ഉള്‍പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കോശങ്ങളിലെ ജീനുകള്‍ ഗവേഷകര്‍ക്ക് പരിഷ്‌കരിക്കേണ്ടിയിരുന്നു. ഇത് ഏറെ സമയം അപഹരിക്കുന്നതും പ്രയാസമേറിയതും പലപ്പോഴും അസാധ്യവുമായിരുന്നു. എന്നാല്‍, നൊബേല്‍ സമ്മാനിതരായ ഗവേഷകര്‍ കണ്ടെത്തിയ ജനിതക കത്രിക ഉപയോഗിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ജീവന്റെ കോഡില്‍ മാറ്റം വരുത്താനാകും.