Kerala
പ്രതികള്‍ സ്വര്‍ണം കടത്തിയത് ഉപജീവനമാര്‍ഗമായല്ല; വിശദമായ അന്വേഷണം വേണമെന്ന് എന്‍ഐഎ

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് എന്‍ഐഎ. ഉപജീവനമാര്‍ഗമായിട്ടല്ല പ്രതികള്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്നും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. പ്രതികള്‍ വലിയ സ്വാധീനമുള്ളവരാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ വാദിച്ചു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വീണ്ടും വാദം കേൾക്കും.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ ബോധിപ്പിച്ചു. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്നും അതിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധ്യത ഉണ്ടെന്നും സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ തങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നതായും എന്‍ഐഎ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ പണം എങ്ങോട്ട് പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.
പ്രതികള്‍ വലിയ ബിസിനസ് ശൃംഖലയുള്ളവരാണ്. ഉപജീവനമാര്‍ഗമായി അല്ല ഇവര്‍ സ്വര്‍ണം കടത്തിയത്. രാജ്യത്തിന്റെ സമ്പദ്ഘടന തര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എന്‍ഐഎ ആരോപിച്ചു.