Connect with us

International

ബട്ട്‌ലറുടെ പോരാട്ടം വിഫലമായി; രാജസ്ഥാനെ തകര്‍ത്ത് മുംബൈ

Published

|

Last Updated

അബുദാബി |  രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ടായി.നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈ നിരയില്‍ തിളങ്ങിയത്.

44 പന്തില്‍ നിന്ന് അഞ്ചു സിക്സും നാലു ഫോറുമടക്കം 70 റണ്‍സെടുത്ത ജോസ് ബട്ട്ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതി നോക്കിയത്. ബൗണ്ടറി ലൈനില്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ബട്ട്ലര്‍ പുറത്തായത്.

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ 17 പന്തുകള്‍ക്കുള്ളില്‍ യശസ്വി ജയ്സ്വാള്‍ (0), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. വൈകാതെ 13 പന്തില്‍ നിന്ന് 11 റണ്‍സുമായി മഹിപാല്‍ ലോംറോറും മടങ്ങി.

മുംബൈക്കായി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചാഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുബൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിരുന്നു.

Latest