International
കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക വെല്ലുവിളികള്‍ ഒരുമിച്ച് നേരിടുമെന്ന് ചതുര്‍രാഷ്ട്ര ഉച്ചകോടി

ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വെല്ലുവിളികളോട് യോജിച്ച് പോരാടാന്‍ ചതുര്‍രാഷ്ട്ര മന്ത്രിതല ഉച്ചകോടിയില്‍ തീരുമാനം. ടോക്കിയോയില്‍ നടന്ന രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ-ജപ്പാന്‍-യുഎസ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് തീരുമാനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കൊവിഡ് -19 നെ നേരിടാന്‍ ആവശ്യമായ മികച്ച പരിശീലനങ്ങള്‍ പങ്കിടല്‍, വിതരണ ശൃംഖലകളുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കല്‍, ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വാക്‌സിനുകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കല്‍ തുടങ്ങിയ വയിഷയങ്ങള്‍ ഉച്ചകോടിയില്‍ ഉയര്‍ന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ആസിയാന്‍ കേന്ദ്രീകരണത്തിനുള്ള തങ്ങളുടെ ഉറച്ച പിന്തുണ അവര്‍ ആവര്‍ത്തിക്കുകയും ഇന്തോ-പസഫിക്ക് മേഖലക്ക് പൊതുവായ ഒരു കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള സന്നദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി യുഎസ് സെക്രട്ടറി മൈക്കല്‍ പോംപിയോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മൊട്ടെഗി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.