Connect with us

Covid19

ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കണം; സ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

Published

|

Last Updated

തിരുവനന്തപുരം | മാസത്തിന്റെ തുടക്കമായതിനാല്‍ ബേങ്കുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ചില ബേങ്കുകളില്‍ കസ്റ്റമര്‍ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കമനുസരിച്ച് ബേങ്കിംഗ് സേവനങ്ങള്‍ നല്‍കിവരുന്നതിനാല്‍ ആള്‍ക്കൂട്ടം കുറയ്ക്കാനാകുന്നുണ്ട്. ഇത് മാതൃകയാക്കി മറ്റുള്ളവരും പ്രവര്‍ത്തിക്കുന്നത് നന്നാകും. ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതും ഈ സാഹചര്യത്തില്‍ ഗുണപരമാണ്.

കണ്ടെയിന്‍മെന്റ് സോണില്‍ കൂട്ടംകൂടലുകളും അനാവശ്യ യാത്രകളും ഒഴിവാക്കുന്നതിനായി പ്രത്യേക നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ല. ഇവിടെയെത്തുന്നവര്‍ കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ എടുത്തു നോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി കണ്ടുവരുന്നുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.

കൊവിഡ്ബാധ തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കഴിഞ്ഞ ശനിയാഴ്ച മുതല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഇത്. റോഡുകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റു തുറന്ന സ്ഥലങ്ങളിലും അഞ്ചുപേരിലധികം കൂട്ടംകൂടുന്നത് പൂര്‍ണമായും തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ശരിയായ അര്‍ഥത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന തരത്തില്‍ വിസ്തീര്‍ണമുള്ള കടകള്‍ക്കുള്ളില്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ ആള്‍ക്കാരെ പ്രവേശിപ്പിക്കാം. മറ്റുള്ള ഉപഭോക്താക്കള്‍ കടകള്‍ക്കു വെളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് വരിയായി കാത്തുനില്‍ക്കേണ്ടതാണ്. വാഹനങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചു യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. പൊതുഗതാഗതത്തിനുള്ള വാഹനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ആരാധനാ കേന്ദ്രങ്ങളില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറിയ ആരാധനാലയങ്ങളില്‍ എണ്ണം അതിനനുസരിച്ച് കുറയ്‌ക്കേണ്ടതാണ്. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വീട്ടില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കണം.

കെട്ടിടം, റോഡ് നിര്‍മാണം, വൈദ്യുതീകരണ ജോലികള്‍ എന്നിവക്കു വളരെ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഇത് ഉറപ്പാക്കേണ്ട ഉത്തരാവാദിത്തം കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും. ഒക്ടോബര്‍ രണ്ടിനു മുമ്പ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്ക് എത്തുന്നതിനു നിരോധനമില്ല. കുട്ടികളോടൊപ്പം എത്തുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍, അദ്ധ്യാപകര്‍ എന്നിവരെ പരീക്ഷ കേന്ദ്രത്തിനു സമീപത്തു കൂടിനില്‍ക്കാന്‍ അനുവദിക്കില്ല.

ഫാക്ടറികള്‍ക്കും മറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാവുന്നതാണ്. അവര്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫാക്ടറികളും മറ്റ് നിര്‍മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. ജോലി ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കാനും പാടില്ല. സ്വകാര്യ ക്ലിനിക്കുകള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍ ജീവനക്കാരും രോഗികളും സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ കാത്തിരിപ്പുകേന്ദ്രത്തിലോ വെളിയിലോ രോഗികള്‍ കൂട്ടംകൂടി നില്ക്കാന്‍ പാടുള്ളതല്ല. ഫിസിയോതെറാപ്പി കേന്ദ്രങ്ങള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും സഹകരണമുണ്ടെങ്കില്‍ മാത്രമേ നിരോധനം വിജയകരമാകുകയുള്ളൂ. രോഗബാധ വര്‍ധിക്കുന്നത് തടായാന്‍ ഇത് അത്യാവശ്യമാണ്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധതരം കുറ്റകൃത്യങ്ങളുടെ പിഴത്തുക വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണ്. മാസ്‌ക് ധരിക്കാത്ത 7,482 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 43 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 126 പേര്‍ അറസ്റ്റിലായി.

Latest