വെയില്‍സ് | കൂറ്റന്‍ മരത്തിന്റെ മുകളില്‍ നാല് ദിവസത്തോളം കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷിക്കാന്‍ ഒത്തുചേര്‍ന്ന് വെയില്‍സിലെ നഗരം. ട്രെഡെഗര്‍ നഗരത്തിലാണ് ഐതിഹാസിക രക്ഷാപ്രവര്‍ത്തനം നടന്നത്. 40 അടി ഉയരമുള്ള മരത്തിന്റെ മുകളിലാണ് പൂച്ച കുടുങ്ങിക്കിടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയ ലീന്‍ സ്‌കിന്നര്‍ എന്നയാള്‍ തെരുവിന്റെ സമീപത്ത് നിന്ന് ഒരു പൂച്ചയുടെ ശബ്ദം കേള്‍ക്കുകയും അതിന് പിന്നാലെ പോയപ്പോള്‍ കൂറ്റന്‍ മരത്തിന്റെ മുകളില്‍ നിന്ന് മറ്റൊരു പൂച്ച കരയുന്നത് കേള്‍ക്കുകയുമായിരുന്നു. എന്നാല്‍ മരച്ചില്ലകള്‍ക്കിടയില്‍ പൂച്ചയെ കണ്ടില്ല.
പൂച്ച കുടുങ്ങിക്കിടക്കുന്നത് മനസ്സിലാക്കിയ ഇവര്‍ റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സി(ആര്‍ എശ് പി സി എ)നെ അറിയിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാനായില്ല. പകരം പൂച്ച കൂടുതല്‍ ഉയരത്തിലേക്ക് പോയി. തുടര്‍ന്ന് സ്‌കിന്നര്‍ ഫേസ്ബുക്കില്‍ രക്ഷാപ്രവര്‍ത്തന അഭ്യര്‍ഥന നടത്തി.
ഇതുകണ്ട ഒരു കെട്ടിട നിര്‍മാണ കമ്പനി മരത്തിന് ചുറ്റും സ്ട്രക്ചര്‍ നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഏതായാലും പൂച്ച കുടുങ്ങിക്കിടന്ന ശ്രദ്ധയില്‍ പെട്ടതിന്റെ നാലാം നാളാണ് ഇത് രക്ഷപ്പെട്ടത്.