Connect with us

Covid19

കൊവിഡ് കൂടാരമായി വൈറ്റ് ഹൗസ്; ഒടുവില്‍ ട്രംപിന്റെ പ്രസ് സെക്രട്ടറി

Published

|

Last Updated

വാഷിംഗ്ടണ്‍ | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മിലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈറ്റ് ഹൗസിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനിക്കാണ് ഏറ്റവും ഒടുവില്‍ കൊവിഡ് പോസിറ്റീവായത്. വ്യാഴാഴ്ച വരെ നടത്തിയ സ്ഥിരം പരിശോധനയില്‍ എല്ലാം നെഗറ്റീവായിരുന്നുവെന്നും തിങ്കളാഴ്ച രാവിലെയാണ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്നഉം മക്ഇനാനി പറഞ്ഞു. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി.

ട്രംപുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 12 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെയും മിലാനിയ ട്രംപിന്റെയും അടുത്ത സഹായി ഹോപ്ഹിക്‌സിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍, ട്രംപിന്റെ പേഴ്സണൽ അസിസ്റ്റന്റ് നിക്ക് ലൂണ തുടങ്ങി വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട നിരവധി പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു.

അതിനിടെ, കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ആശുപത്രി വിടുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ താന്‍ ആശുപത്രി വിടുമെന്നാണ് ട്രംപിന്റെ ട്വീറ്റ്. താനിപ്പോള്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയില്‍ ഇതുവരെ 77 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,15,000ത്തോളം പേര്‍ മരിച്ചു. 49 ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ഭേദമായത്.

വെെറ്റ് ഹൗസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവർ

കടപ്പാട്: ബിബിസി ന്യൂസ്