Covid19
കൊവിഡ് വാക്‌സിന്‍ 2021 ജൂലൈയോടെ 25 കോടിയോളം ഇന്ത്യക്കാര്‍ക്ക് വിതരണം ചെയ്യാനാകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ 2021 ജൂലൈയോടെ രാജ്യത്ത് വിതരണം ചെയ്യാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 40 മുതല്‍ 50 വരെ കോടി വരെ ഡോസ് വാക്‌സിനാണ് വാങ്ങുകയെന്നും 20-25 കോടി ജനങ്ങള്‍ക്ക് ഇത് നല്‍കാനാകുമെന്നും ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണെന്നു സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന സണ്‍ഡേ സംവാദ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ മന്ത്രി പറഞ്ഞു.
മുന്‍ഗണനാ ക്രമമനുസരിച്ച് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു സഹായമാകുന്ന വിധത്തിലുള്ള പട്ടിക തയാറാക്കി നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, നിരീക്ഷണ ഉദ്യോഗസ്ഥര്‍ എന്നിവുരള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് നല്‍കേണ്ടത്. രോഗികളുടെ ചികിത്സയിലും കോണ്‍ടാക്ട് ട്രേസിംഗിലും പരിശോധനയിലും ഭാഗമാകുന്നവരുടെ വിശദ വിവരങ്ങള്‍ ഇതിനൊപ്പമുണ്ടാകണം. വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്കു തുടക്കം കുറിച്ചുകഴിഞ്ഞു.