Connect with us

Editorial

ഹാഥ്‌റസ്: ജനകീയ പ്രതിരോധമാണ് പ്രതീക്ഷ

Published

|

Last Updated

യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തത് രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചിരിക്കുകയാണ്. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ഗൗരവതരമായ ആശങ്കകള്‍ ഒരിക്കല്‍ കൂടി രാജ്യം പങ്കുവെക്കുന്നു. ജനാധിപത്യത്തിന്റെ വഴിയില്‍ ഏറെ പിന്നിട്ട, ശക്തമായ ഭരണഘടനയുള്ള ഈ രാജ്യത്ത് എത്ര രൂഢമൂലമായാണ് ജാതിവിവേചനം നിലനില്‍ക്കുന്നതെന്ന് യു പിയിലെ ഹാഥ്‌റസില്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ട ക്രിമിനലുകളാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ദുരവസ്ഥ വ്യക്തമാക്കുന്നുണ്ട്. കുമാരനാശാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തെ നോക്കി പാടിയ വരികളെല്ലാം ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് ചേരും. ജാതി ശ്രേണിയിലെ ഉന്നതര്‍ക്ക് വഴിയേ എല്ലാ നിയമങ്ങളും സഞ്ചരിക്കും. പോലീസും മറ്റ് ഭരണ സംവിധാനങ്ങളും അവരുടെ സേവക്കായി കാത്തു കെട്ടിക്കിടക്കും. ദളിത് പെണ്‍കുട്ടികളെ അവരുടെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കുന്നത് നാട്ടുനടപ്പായി മാറും. ഭരണ സംവിധാനം പൂര്‍ണമായി അവര്‍ക്ക് വഴിപ്പെടും. മനുസ്മൃതിയെ അടിസ്ഥാന പ്രമാണമായി കണക്കാക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ അധികാരം കൈകാര്യം ചെയ്യുമ്പോള്‍ ജാതിവിവേചനം കൂടുതല്‍ ക്രൗര്യം കൈവരിക്കും. അതാണ് ഹാഥ്‌റസില്‍ കണ്ടത്. കാവി ധരിച്ച യോഗിയാണ് അവിടെ ഭരിക്കുന്നത്. ആ കാവി ഹിന്ദുവിന്റെതല്ല, ഹിന്ദുത്വത്തിന്റേതാണ് എന്നതിനാല്‍ ഇത്തരം നരാധമന്‍മാര്‍ക്ക് ആത്മവിശ്വാസം കൂടും. നിയമവ്യവസ്ഥ ഒന്നാകെ വശം ചെരിഞ്ഞുപോയ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിയമവാഴ്ച എന്നൊന്ന് കാണാനാകില്ല. എന്ത് ചെയ്താലും സംരക്ഷണം ലഭിക്കുമെന്ന ഉറപ്പ് ഏത് ക്രിമിനലിനെയാണ് പ്രചോദിപ്പിക്കാത്തത്. പെണ്‍കുട്ടി കൊല്ലപ്പെട്ട ശേഷം നടന്ന ഓരോന്നും പരിശോധിക്കൂ. അപ്പോള്‍ മനസ്സിലാകും നിയമവ്യവസ്ഥ ആരുടെ കൂടെയാണെന്ന്. മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചു. ബന്ധുക്കളെ ഒന്നു കാണാന്‍ പോലും അനുവദിച്ചില്ല. ബലാത്സംഗം നടന്നിട്ടില്ലെന്ന് അന്വേഷണം തുടങ്ങും മുമ്പേ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. ഗ്രാമത്തിലേക്ക് പോയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. ബന്ധുക്കളെ വീട്ടില്‍ ബന്ദിയാക്കി. അവരുടെ ഫോണ്‍ പിടിച്ചു വാങ്ങി. നേരത്തേ വിളിച്ച കോളുകള്‍ മുഴുവന്‍ ചോര്‍ത്തി. അവരെ നുണ പരിശോധനക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദുത്വ പ്രത്യയശസ്ത്രം അധികാരത്തില്‍ പിടിമുറുക്കിയാല്‍ ദളിതുകള്‍ക്ക് എന്ത് സംഭവിക്കുമെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമില്ല.

അതുകൊണ്ട് ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ നീതിക്കായി ഉയരുന്ന ഏത് സ്വരവും സംഘ്പരിവാറിന്റെ വിഭജന, സവര്‍ണ രാഷ്ട്രീയത്തോടുള്ള അതിശക്തമായ കലഹമായി കാണേണ്ടിയിരിക്കുന്നു. ആ അര്‍ഥത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സീതാറാം യെച്ചൂരിയും ചന്ദ്രശേഖര്‍ ആസാദും മമതാ ബാനര്‍ജിയുമെല്ലാം ഉയര്‍ത്തിയ സമരജ്വാല രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന മുഴുവന്‍ പേര്‍ക്കും ആശ്വാസകരമാണ്. രാഹുലും പ്രിയങ്കയും ഇരയുടെ വീട് സന്ദര്‍ശിക്കുമ്പോള്‍ പ്രസരിക്കപ്പെടുന്ന ഊര്‍ജം ചെറുതായിരിക്കില്ലെന്ന് നന്നായി അറിയുന്നത് കൊണ്ടാണ് അവരെ തടയാന്‍ പരമാവധി ശ്രമിച്ചത്. ഒടുവില്‍ അവര്‍ ഹാഥ്‌റസിലെ ഗ്രാമത്തിലെത്തി ആ കുടുംബത്തെ കാണുമ്പോള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പ്രത്യേക അന്വേഷണ സംഘം വരുന്നു. മാധ്യമ വിലക്ക് നീങ്ങുന്നു. ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായി.

അന്വേഷിക്കാന്‍ സി ബി ഐ തന്നെ വരാനിരിക്കുന്നു. യു പിയില്‍ കാറ്റ് മാറാന്‍ പോകുന്നുവെന്നാണ് പ്രശാന്ത് ഭൂഷണ്‍ ഈ മാറ്റങ്ങളെ ശരിയായി വിശകലനം ചെയ്ത് വിലയിരുത്തിയത്. ഹിന്ദുത്വത്തിന്റെ തേരോട്ടം അപ്രതിരോധ്യമാണെന്ന നിരാശയിലേക്ക് വീണുകൊണ്ടിരുന്ന ഒരു രാജ്യത്ത് ഹാഥ്‌റസില്‍ കണ്ട ഇടപെടല്‍ ഇത്രക്ക് ഊര്‍ജം പകര്‍ന്നുവെങ്കില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നിരന്തരം സമര മുന്നണിയില്‍ കൈകോര്‍ത്താല്‍ എത്ര വലിയ പ്രതിരോധമാകും ഉയര്‍ത്താനാകുക. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ മൂലം കെടുതി അനുഭവിക്കുന്ന കോടിക്കണക്കായ മനുഷ്യരുണ്ടിവിടെ. കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, തൊഴിലില്ലാത്ത യുവാക്കള്‍, പൗരത്വ ഭീതിയില്‍ കഴിയുന്ന ന്യൂനപക്ഷങ്ങള്‍, ജാതി പീഡനത്തില്‍ മണ്ണും മാനവും നഷ്ടപ്പെട്ട ദളിതുകള്‍. ഇവരുടെ ഉള്ളിലെല്ലാം രോഷവും പ്രതിഷേധവുമുണ്ട്. ആ പ്രതിഷേധത്തെ വലിയ ജനകീയ പ്രസ്ഥാനമായി മാറ്റാനുള്ള ജാഗ്രത പാലിക്കാന്‍ കക്ഷികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ദുര്യോഗം. വര്‍ഗീയതയും വംശീയതയും തീവ്ര ദേശീയതയും ഉണ്ടാക്കുന്ന മിഥ്യാ ബോധത്തിലാണ് ജനങ്ങളെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തീര്‍പ്പിലെത്തുകയാണ്. എന്നിട്ട് ഹിന്ദുത്വത്തെ നേരിടാന്‍ അവര്‍ മൃദു ഹിന്ദുത്വത്തില്‍ അഭയം തേടുന്നു. സീസണലായ ചില സമരങ്ങള്‍ ഏറ്റെടുക്കുന്നു. പിന്നെ എല്ലാം ഇട്ടെറിഞ്ഞ് പിന്‍മടങ്ങുന്നു.

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ അപകടത്തിലാകുമ്പോള്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താനും സമര സജ്ജരാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് കൈ കോര്‍ക്കേണ്ടിവരും. തിരഞ്ഞെടുപ്പിന് തലേന്ന് ഉണ്ടാക്കിയെടുക്കുന്ന മഹാ സഖ്യങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകില്ല. സമര മുന്നണിയില്‍ ഒരുമിച്ച് നിന്ന് സ്വാഭാവികമായി രൂപപ്പെടുന്ന സഖ്യങ്ങളാണ് വേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ഇത്തരത്തില്‍ വളര്‍ന്നുവന്ന ഒന്നായിരുന്നു. ഇത്തരം പ്രതിരോധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ശേഷി രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് വിലയിരുത്താം. കുറേക്കൂടി ധീരവും വ്യക്തവും നൈരന്തര്യവുമുള്ള നിലപാടുകളിലേക്ക് അദ്ദേഹം ഉണരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുകയും വേണം. ഇടതു പാര്‍ട്ടികളും മതേതര പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പൊതു വിഷയങ്ങളില്‍ അര്‍ഥവത്തായ സഖ്യം സാധ്യമാക്കണം. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണല്ലോ. ഇത്തരമൊരു മുന്നേറ്റത്തിന് ഹാഥ്‌റസ് കാരണമാകട്ടെ. ജാതീയതയെ ഊട്ടിവളര്‍ത്തുന്ന ഹിന്ദുത്വത്തിനെതിരായ ഐക്യനിര പടുത്തുയര്‍ത്തിക്കൊണ്ടാകണം ഹാഥ്‌റസിലെ പെണ്‍കുട്ടിയോട് നീതി ചെയ്യേണ്ടത്.