Connect with us

Editors Pick

തീർഥാടകരെത്തി; ഹറമുണർന്നു 

Published

|

Last Updated

മക്ക | നീണ്ട ഏഴ് മാസത്തെ കാത്തിരിപ്പുകൾക്ക് ശേഷം മക്ക നഗരത്തിലേക്ക് ഉംറ തീർഥാടകരുടെ ഒഴുക്ക് തുടങ്ങി. ഇന്ന് സുബ്ഹി നമസ്‌കാര ശേഷം ആദ്യ സംഘത്തിലെ ആയിരം പേർ  ഇഹ്റാം പൂർത്തിയാക്കി ഹറമിലേക്ക് പ്രവേശിച്ചതോടെ കാത്തിരിപ്പിന് വിരാമമായി. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ “ഇഅ്തമർനാ”  മൊബൈൽ ആപ്പിൽ നേരത്തേ രജിസ്റ്റർ ചെയ്ത ആയിരം പേരാണ് ആദ്യദിനം ഹറമിലെത്തിയത്. ഞായറാഴ്ച മുതൽ ഒക്ടോബർ 17 വരെ  ആഭ്യന്തര തീർഥാടകരായ  6,000 പേർക്കാണ്  പ്രതിദിനം  ഉംറക്ക് അനുമതി നൽകിയിരിക്കുന്നത്.

ഹാജിമാർ ഹറമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ മതാഫ്, സഫ-മർവ്വ , ഹറം പള്ളിയും പരിസരങ്ങളിലും ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നു. ആദ്യ സംഘം അർധ രാത്രിയോടെ തന്നെ മീഖാത്തുകളിൽ വെച്ച് ഇഹ്റാം നിർവഹിച്ച ശേഷം സംഘങ്ങളായാണ് ഹറമിലേക്ക് എത്തിച്ചേർന്നത്. രാവിലെ ആറുമണിയോടെ ഹറമിലെത്തിയ പ്രഥമ സംഘത്തെ ഹജ്ജ്-ഉംറ, ഹറം കാര്യാലയ ഉദ്യോഗസ്‌ഥർ ചേർന്ന് സ്വീകരിച്ചു.

 ഹറമിലെ പ്രധാന പ്രവേശന കവാടത്തിൽ വെച്ച് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മതാഫിലേക്ക് പ്രവേശന അനുമതി നൽകിയത്. സുരക്ഷയുടെ ഭാഗമായി ആയിരം പേർ അടങ്ങിയ സംഘത്തെ  നൂറ് പേർ വീതമുള്ള പത്ത് ടീമുകളായി തിരിച്ച്, ഓരോ പതിനഞ്ച് മിനിറ്റ് ഇടവിട്ടായിരുന്നു തീർഥാടകർ  മതാഫില്‍ പ്രവേശിച്ചത്. ഓരോ സംഘത്തിനും ഉംറ നിർവഹിക്കാൻ മൂന്ന് മണിക്കൂറാണ്  സമയം അനുവദിച്ചത്. രാവിലെ ആയിരം പേര് വീതമുള്ള മൂന്ന് സംഘങ്ങൾക്കും ഉച്ചതിരിഞ്ഞ് മൂന്ന് സംഘങ്ങൾക്കുമാണ് എല്ലാ ദിവസവും ഹറമിൽ പ്രവേശിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി  തീർഥാടകർക്ക് കഅബയെ തൊടുന്നതിനും ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതിനും വിലക്കുണ്ട്. ഈ ഭാഗത്തേക്ക് പ്രവേശന വിലക്കുള്ളതിനാൽ കഅബയുടെ ചുറ്റും ചെറിയ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വികാര നിര്‍ഭരമായ മനസ്സോടെയാണ് ത്വവാഫും സഫ -മർവ്വക്കിടയിൽ സഇയ്യും പൂർത്തിയാക്കിയ ശേഷം തീർഥാടകർ കഅബയോട് വിടചൊല്ലിയത്.

സിറാജ് പ്രതിനിധി, ദമാം

Latest