Connect with us

Ongoing News

ഹ്രസ്വം, തീക്ഷ്ണം, ചേതോഹരം

Published

|

Last Updated

ലോക സാഹിത്യത്തിൽ ഒരു പ്രസ്ഥാനമായിക്കഴിഞ്ഞ മിന്നൽക്കഥകൾ Flash fiction, Short short story, Micro fiction, Post card story, Palm story എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. പല രാജ്യങ്ങളിലും പല പേരുകളിൽ വ്യവഹരിക്കപ്പെടുന്ന ഈ സാഹിത്യരൂപത്തിന് വായനക്കാർക്കിടയിൽ ഏറെ സ്വീകാര്യത ലഭിക്കുകയുണ്ടായി. ഹ്രസ്വമായിരിക്കുമ്പോൾ തന്നെ അത് ശക്തവും തീക്ഷ്ണവുമായ ഒരേറുപടക്കത്തിന്റെ ധർമം നിർവഹിക്കുന്നു. ഇന്ന് മിന്നൽക്കഥ പുതിയ കാലത്തിന്റെ സാഹിത്യരൂപമാണ്.

മലയാളത്തിൽ സമീപ കാലം വരെയും മിനിക്കഥ എന്ന പേരിലറിയപ്പെട്ടിരുന്ന ഇതിനെ കുറുങ്കഥ, കൊച്ചുകഥ, ക്യാപ്സ്യൂൾ കഥ, നുറുങ്ങു കഥ എന്നീ പേരുകളിലും വിളിക്കപ്പെടുന്നുണ്ട്. ഇംഗ്ലീഷും മലയാളവും ചേർന്ന രണ്ടും കെട്ട പദമായ മിനിക്കഥ എന്ന പേര് ചെറുതിൽ ചെറുതായ സൃഷ്ടിയുടെ ഗൗരവത്തെ ചോർത്തിക്കളയുന്നുണ്ട്. Flash fiction എന്ന അർഥത്തിലുള്ള മിന്നൽക്കഥ എന്ന പേരായിരിക്കും കുടുതൽ അനുയോജ്യം. വാമൊഴിയായി പറഞ്ഞു വന്നിരുന്ന പല കഥകളും മിന്നൽക്കഥകൾ തന്നെയാണ്. ഈസോപ്പു കഥകൾ, പഞ്ചതന്ത്രം കഥകൾ, ജാതക കഥകൾ, മുല്ല നസറുദ്ദീൻ കഥകൾ, സെൻ കഥകൾ, സൂഫി കഥകൾ എന്നിവയിലെല്ലാം മനോഹരമായ മിന്നൽക്കഥകളുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ വാൾട്ട് വിറ്റ്മാന്റെയും മറ്റും രചനകളിലൂടെ പാശ്ചാത്യ സാഹിത്യത്തിൽ ഇവ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. കോസ്മോപൊളിറ്റൻ മാഗസിനിൽ 1920ൽ തന്നെ മിന്നൽക്കഥകൾ പ്രസിദ്ധീകരിച്ചിരുന്നു. ആന്റൺ ചെക്കോവും ഒ ഹെൻറിയും ഫ്രാൻസ് കാഫ്കയും ഏണസ്റ്റ് ഹേമിംഗ് വേയും യുസു നാരി കവാബാത്തയുമെല്ലാം മനോഹരമായ മിന്നൽക്കഥകൾ രചിച്ചിട്ടുണ്ട്. ഏണസ്റ്റ് ഹേമിംഗ് വേയുടെ For sale, baby shoes, never worn (കുട്ടികൾ ധരിക്കാത്ത ഷൂസുകൾ വിൽപ്പനക്ക്) എന്ന കൊച്ചു കഥ ഏറെ പ്രശസ്തമാണ്. 2017ൽ മിന്നൽക്കഥകൾ മാത്രമെഴുതി ശ്രദ്ധേയയായ ലിഡിയ ഡേവിസിനാണ് മാൻ ബുക്കർ പുരസ്കാരം ലഭിച്ചത്.

റഷ്യൻ നിരൂപകനായ മിഖാേയൽ മിന്നൽക്കഥകളെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്: “ചെറുതാകും തോറും എഴുതാൻ ക്ലേശമേറി വരുന്നതാണ്, ലഘു നിബദ്ധമാണ് കഥ. അത് ഒരു വാക്കു കൊണ്ടോ അര വാക്കു കൊണ്ടോ സൃഷ്ടിക്കാൻ അറിയണം. അതൊരഗ്നി സ്ഫുലിംഗമാണ്. ആനന്ദമാണ് .” ഇർവിംഗ് ഹോവ് Short Short എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ കുറിച്ചതിങ്ങനെ:”മിനിക്കഥയെഴുതുന്നവർക്ക് വലിയ ആത്മധൈര്യം വേണം. കണ്ടെത്തലിന്റെ ആഞ്ഞൊരടിയാണ് അവർ നൽകുന്നത്. പ്രമേയത്തെയോ, വികാസത്തെയോ വിശദീകരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കില്ല. തിടുക്കത്തിൽ തെളിയുന്ന വ്യക്തിത്വമായി സൂക്തസദൃശമായ ശിൽപ്പമായി ക്ഷണികമായ ബാഹ്യരൂപത്തിൽ ആഴത്തിൽ കാവ്യാത്മകമായ ധ്വനികളായി അസ്വതന്ത്രവും അപകടകരവുമായ ഈ കലാരൂപം വിവിധ ആകാരങ്ങളെ അണിയുന്നു”.

ലോകത്തിലെ ആദ്യത്തെ മിന്നൽക്കഥയെക്കുറിച്ച് ഒരു കഥാചർച്ചയിൽ എം ടി വാസുദേവൻ നായർ പരാമർശിക്കുകയുണ്ടായി. തീവണ്ടിയാത്രക്കാരായ രണ്ട് പേരാണ് കഥാപാത്രങ്ങൾ. ഒരാൾ അപരനോട് പ്രേതത്തിൽ വിശ്വാസമുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞ് അയാൾ തിരിഞ്ഞു നോക്കുമ്പോൾ ചോദ്യം ചോദിച്ച മനുഷ്യൻ അപ്രത്യക്ഷനാകുന്നതാണ് കഥ.

ഒ വി വിജയൻ, വി കെ എൻ, കുഞ്ഞുണ്ണി, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരിലൂടെ വളർന്നു വന്ന് പി കെ പാറക്കടവിലെത്തി നിൽക്കുമ്പോൾ മിന്നൽക്കഥാ സാഹിത്യം മലയാളത്തിലെ അവഗണിക്കാനാകാത്ത സാഹിത്യരൂപമായിരിക്കുന്നു.
ലിറ്റിൽ മാഗസിനുകൾക്ക് വൻതോതിൽ പ്രചാരം ലഭിച്ചിരുന്ന കാലത്ത് പ്രൊഫ. പിമീരാക്കുട്ടി മിന്നൽക്കഥകളെക്കുറിച്ച് ഗൗരവമായ നിരീക്ഷണങ്ങൾ നടത്തുകയുണ്ടായിട്ടുണ്ട്. അദ്ദേഹം എഴുതുകയുണ്ടായി: ” ചെറുതിൽ ചെറുതായ മഞ്ഞുതുള്ളിയിലെന്ന പോലെ പ്രതിഫലിതമാകുന്ന സംഘർഷാത്മകവും കലാ ബന്ധിയുമായ ജീവിത മുഹൂർത്തമാണ് മിനിക്കഥ. അനായാസമായി പേനത്തുമ്പിൽ തുടുത്ത തുള്ളിപോലെ തൂങ്ങുന്ന വെറും ജീവിത ബിന്ദുവല്ല മിനിക്കഥ. നിതാന്ത ജാഗ്രതയിൽ ജീവിതത്തനിമയും കാലത്തെളിമയും ഇവ രണ്ടിന്റെയും ഭാവ വൈവിധ്യങ്ങളോടെ വാർന്നു വീഴേണ്ട സർഗ തപസ്യയുടെ മുഗ്ദ്ധമുക്ത സദൃശമായ സ്നിഗ്ദ്ധ മുഹൂർത്തമാക്കിത്തീർക്കുമ്പോഴേ അത് അനുഭൂതി ധന്യമാകൂ. ചെറുത് ചേതോഹരമാണെന്ന സങ്കൽപ്പം സ്വാംശീകരിച്ച് ചെത്തിമിനുക്കി ചേതോഹരിതയെ ചോർത്തിയെടുക്കാനുള്ള ചാതുര്യം സർഗസമ്പന്നർക്കും സാധനാ നിരതർക്കും മാത്രം അവകാശപ്പെട്ടതാണ്”.

പി കെ പാറക്കടവിന്റെ മൗനത്തിന്റെ നിലവിളി എന്ന സമാഹാരത്തിലെ വി ആർ സുധീഷിന്റെ പഠനം ഏറെ ശ്രദ്ധേയമാണ്. Short is beautiful എന്ന ഇംഗ്ലീഷ് പഴമൊഴിയെ അന്വർഥമാക്കുന്ന മിന്നൽക്കഥകളുടെ ദാർശനിക തലത്തെയാണ് സുധീഷ് അനാവരണം ചെയ്യുന്നത്. അൽപ്പം കൊണ്ട് കൂടുതലെന്ന ധ്വനി മുതൽ സൂചിതം ( Signifide ) വരെയുള്ള സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങളോളം അതെത്തുന്നു. ലഘുത്വത്തിന്റെ ലാവണ്യത്തിൽ വിശേഷിച്ചൊരു അംഗീകാരം തന്നെയുണ്ട്. ചെറുത് സുന്ദരം മാത്രമല്ല, അർഥപൂർണവുമാണ്. ദുർമേദസ്സ് ഭാഷയുടെ ഭംഗി അപഹരിക്കുന്നു. ദുർമേദസ്സ് ചെത്തി നീക്കപ്പെട്ട രചനകളാണ് മിനിക്കഥകൾ

---- facebook comment plugin here -----

Latest