Kerala
ചെന്നിത്തലയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനം യു ഡി എഫ് സമരങ്ങളേയെല്ലാം തള്ളിപ്പറയുന്നത് : കോടിയേരി

തിരുവനന്തപുരം | പ്രോട്ടോകോള്‍ വിവാദത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണങ്ങള്‍ യു ഡി എഫ് നടത്തിയ മുഴുവന്‍ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. കള്ളം കൈയോടെ പിടിക്കപ്പെട്ടതിലുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങള്‍ അറിയാതെ തുറന്നു പറയാന്‍ അദ്ദേഹം.
യു എ ഇ കോണ്‍സുലേറ്റില്‍ ലക്കി ഡ്രോയില്‍ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പുസ്തകത്തിലെ 38-ാം അധ്യായത്തില്‍ പറയുന്നത് കോണ്‍സുലേറ്റുകളും മറ്റും നറുക്കെടുപ്പുകള്‍ നടത്താന്‍ പാടില്ലെന്നതാണ് .
ഇത് മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകള്‍ എല്ലാം കോണ്‍സുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം അദ്ദേഹം നടത്തിയത്. അപ്പോള്‍, ഇതേ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്?. അതിന്റെ പേരില്‍ സമരാഭാസവും സംഘടിപ്പിച്ചത്?.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളില്‍ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുന്‍ അഭ്യന്തര മന്ത്രികൂടിയായ ചെന്നിത്തലയുടെ പരസ്യപ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമമറിയില്ലെന്ന ന്യായം സാധാരണക്കാര്‍ക്ക് പോലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം.
കേവലം പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തില്‍ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍സുലേറ്റില്‍ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം. ഇതിന്റെ പേരില്‍ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ചെന്നിത്തലയ്ക്ക് ജനങ്ങള്‍ ഒരു കാലത്തും മാപ്പ് നല്‍കില്ല. അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.