Connect with us

National

കൂട്ടബലാത്സംഗ പരാതിയില്‍ കേസെടുത്തില്ല; യുവതി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ജീവനൊടുക്കി. നാല് ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത 33കാരിയെ വെള്ളിയാഴ്ച നര്‍സിങ്പൂര്‍ ജില്ലയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്തതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബലാത്സംഗ പരാതിയില്‍ കേസെടുക്കുന്നതിന് പകരം പരാതി നല്‍കാനെത്തിയ യുവതിയുടെ ഭര്‍ത്താവിനേയും ബന്ധുക്കളേയും പോലീസ് ഔട്ട്പോസ്റ്റില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും അടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ബന്ധു ആരോപിച്ചു.

സംഭവം ഏറെ വിവാദമായതോടെ യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

വെള്ളിയാഴ്ച വീടിന് സമീപം വെള്ളമെടുക്കാനായി പോയ യുവതിയെ അയല്‍ക്കാരിയായ ഒരു സ്ത്രീ പീഡനത്തിന് ഇരയായ കാര്യം പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കേസിലെ പ്രതികളില്‍ ഒരാളുടെ അച്ഛനായ മോതിലാല്‍ ചൗധരിയേയും ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ എ എസ് ഐ മിശ്രിലാലിനെ സസ്പെന്‍ഡ് ചെയ്തുവെന്നും ഡ്യൂട്ടില്‍ വീഴ്ച വരുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും നര്‍സിങ്പൂര്‍ ജില്ല പോലീസ് സൂപ്രണ്ട് അറിയിച്ചു.

---- facebook comment plugin here -----

Latest