Connect with us

National

ഹത്രാസ് സംഭവം: പ്രതികളെ തൂക്കിലേറ്റുന്നതു വരെ സമരം, ഇന്ന് ഇന്ത്യാ ഗേറ്റിനു മുന്നില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനു മുമ്പില്‍ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വൈകിട്ട് അഞ്ചിനാണ് പ്രതിഷേധം. ക്രൂരമായ ബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ടതില്‍ പ്രധാന മന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയാറാകണമെന്ന് വീഡിയോ സന്ദേശത്തില്‍ ആസാദ് ആവശ്യപ്പെട്ടു.

“തിരഞ്ഞെടുപ്പു വരുമ്പോള്‍ ദളിതരുടെ കാലുകള്‍ കഴുകുന്ന മോദി ദളിത് വിഭാഗത്തില്‍ പെട്ട യു പിയുടെ മകള്‍ ക്രൂരമായി ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ നിശബ്ദത പാലിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് ഇന്ത്യാ ഗേറ്റിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.”- ആസാദ് പറഞ്ഞു. യുവതി മരിച്ച വിവരം പുറത്തുവന്ന ഉടന്‍ സഫ്ദര്‍ജംഗ് ആശുപത്രിക്കു മുമ്പില്‍ ഭീം ആര്‍മി നേതാവ് പ്രതിഷേധം നടത്തിയിരുന്നു. പ്രതികള്‍ക്ക് മരണശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സമുദായത്തിലെ എല്ലാ അംഗങ്ങളും തെരുവിലിറങ്ങണമെന്ന് ആസാദ് ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. പ്രതികളെ തൂക്കിലേറ്റിയല്ലാതെ ഞങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കില്ല. ബുധനാഴ്ച ഷഹരന്‍പുരില്‍ ധര്‍ണ നടത്തിയ ആസാദിനെ പോലീസ് വീട്ടു തടങ്കലിലാക്കിയിരുന്നു.

Latest