Connect with us

Kerala

ഒരു ലക്ഷം രൂപയുടെ ഐ ഫോണ്‍ ചെന്നിത്തലക്കെന്ന് ആരോപണം; നിഷേധിച്ച് പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം |  സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കിയത് ഒരു ലക്ഷം രൂപയുടെ ഐഫോണെന്ന് റിപ്പോര്‍ട്ട്. യുണിടാാക് എം ഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ അഞ്ച് മൊബൈല്‍ ഫോണ്‍ സ്വപ്നക്ക് വാങ്ങി നല്‍കിയതായി പറയുന്നു. ഇതില്‍ ഒന്ന് സമ്മാനിച്ചത് രമേശ് ചെന്നിത്തലക്കായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ മൊബൈല്‍ ഫോണുകള്‍ വാങ്ങിയതിന്റെ ബില്ലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2019 നവംബര്‍ 29-ാം തിയതിയാണ് ലുലു മാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയിയിട്ടുള്ളത്. ആകെ 3.93 ലക്ഷം രൂപക്കായിരുന്നു പര്‍ച്ചേസ്. ഇതില്‍ 1.08 ലക്ഷം രൂപയുടെ ഫോണ്‍ ചെന്നിത്തലക്കാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫോണുകള്‍ വാങ്ങിയ ബില്ലും ഹൈക്കോടതിയില്‍ സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം രൂപ കമ്മീഷനും സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. യു എ ഇ കോണ്‍സുലേറ്റിനായാണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയത്. യു എ ഇ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്‍കാനായാണ് ഐ ഫോണുകള്‍ സ്വപ്ന വാങ്ങിയത്. ഈ അതിഥികളില്‍ ഒരാള്‍ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബര്‍ രണ്ടിനായിരുന്നു ചടങ്ങ്. ഈ ചടങ്ങിലാണ് സ്വപ്ന രമേശ് ചെന്നിത്തലക്ക് ഫോണ്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണം ചെന്നിത്തല നിഷേധിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും തനിക്ക് ആരും ഐ ഫോണ്‍ നല്‍കിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. അന്ന് ഒരു ഷാള്‍ അവിടെ നിന്നും ലഭിച്ചു. തെറ്റായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

 

 

Latest